''സ്‌പേയ്‌സ് ആന്റ് ഫേയ്‌സ്''

 കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന കെ.കെ.ശശിയുടെ ഏകാംഗചിത്ര പ്രദര്‍ശനം 2013 നവംബര്‍ 5 ന് അക്കാദമിയുടെ 'ചിത്രശാല' ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കുന്നു. എറണാകുളം ചേന്ദമംഗലം സ്വദേശിയും തൃശ്ശൂര്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ ചിത്രകലാ അദ്ധ്യാപകനുമായിരുന്ന കെ.കെ.ശശിയുടെ ഈ പ്രദര്‍ശനത്തിന് സ്‌പേയ്‌സ് ആന്റ് ഫേയ്‌സ്' എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള കെ.കെ.ശശിക്ക് 1979, 84, 90 എന്നീ വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാദമിയുടെ പ്രശസ്തിപത്രം, 1997ല്‍ കേരള ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം, 2002 ല്‍ ന്യൂഡല്‍ഹി ആര്‍ട്ട്‌സ് & ക്രാഫ്റ്റ് സൊസൈറ്റി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 ചിത്രകലയുടെ പ്രാഥമിക ഘടകമായ സ്ഥലവും സ്ഥലക്രമീകരണവും കലാകാരന് എന്നും ഗൗരവമേറിയ ചിന്തകള്‍ നല്കുന്നുണ്ട്. സ്ഥലം എന്നത് ഭൗതികാര്‍ത്ഥത്തിലുള്ള ഭൂഭാഗദൃശ്യം മാത്രമല്ല എന്നും താന്‍ കലാമേഖലയിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ സ്ഥലം, കാലം, പ്രകൃതി, സസ്യം, ജീവികള്‍, മനുഷ്യര്‍ എന്നിവകള്‍ തമ്മിലുള്ള പാരസ്പര്യം പ്രഖ്യാപിക്കുന്ന ഭാരതീയ/പൗരസ്ത്യചിന്തകളാണ് തന്നെ ഏറ്റവും സ്വാധീനിച്ചത് എന്ന് കെ.കെ.ശശി പറയുന്നു. 2013 നവംബര്‍ 5 ന് രാവിലെ 11 മണിക്ക് പ്രശസ്ത കലാനിരൂപകന്‍ വിജയകുമാര്‍ മേനോന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. നവംബര്‍ 11ന് പ്രദര്‍ശനം സമാപിക്കും.