'സ്മരണാഞ്ജലി' സി.എന്‍.കരുണാകരന്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും 'സ്മരണ' പ്രഭാഷണങ്ങളും

2013 ഡിസംബര്‍ 14-ാം തീയതി അപ്രതീക്ഷിതമായി നമ്മെ വിട്ടുപിരിഞ്ഞ പ്രശസ്ത ചിത്രകാരനായ സി.എന്‍.കരുണാകരനെ ഓര്‍മ്മിച്ചുകൊണ്ട് 2014 ജനുവരി ഒന്ന് മുതല്‍ ഏഴ് വരെ കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തില്‍ വെച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്വകാര്യ ശേഖരത്തിലുള്ള ഇരുന്നൂറില്‍ പരം ചിത്രങ്ങളും മറ്റ് സ്വകാര്യശേഖരങ്ങളിലുള്ള ചില കലാസൃഷ്ടികളും അടങ്ങുന്ന സമഗ്രമായ പ്രദര്‍ശനം നടത്തുന്നതാണ്. ഏഴുദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ അദ്ദേഹത്തെ സ്മരിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങളും, പാനല്‍ ചര്‍ച്ചകളും, പ്രഭാഷണ പരമ്പരകളും ഉണ്ടാകും. കലാസാംസ്‌കാരിക രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ വിവിധ ദിവസങ്ങളില്‍ അദ്ദേഹത്തെ സ്മരിക്കുന്നു.
 1940ല്‍ ഗുരുവായൂരിലാണ് സി.എന്‍.കരുണാകരന്റെ ജനനം. കെ.സി.എസ്. പണിക്കരുടെയും റോയ്ചൗധരിയുടെയും കീഴില്‍ മദ്രാസ് ഗവ.കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്നും കലാപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1973 മുതല്‍ കൊച്ചിയിലായിരുന്നു താമസിച്ചിരുന്നത്.
 ഉയര്‍ച്ച താഴ്ചകളുടെ കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളിലും നിരന്തരം തന്റെ കലാസപര്യയില്‍ മുഴുകിയാണ് ജീവിച്ചിരുന്നത് എന്നത് സി.എന്‍.കരുണാകരന്റെ ഒരു സവിശേഷതയായിരുന്നു. രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും ബ്രസീല്‍, അമേരിക്ക, ജര്‍മ്മനി, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലും പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം നിരവധി സിനിമകള്‍ക്ക് കലാസംവിധാനം നിര്‍മ്മിച്ചിട്ടുണ്ട്. പാരമ്പര്യവും ആധുനികതയും മനോഹരമായി സമ്മേളിക്കുന്നു എന്നതാണ് സി.എന്‍. ചിത്രങ്ങളുടെ സവിശേഷത. ഇന്ത്യന്‍ ക്ലാസിക്കല്‍ രൂപഘടന മനോഹരമായി അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ വിന്യസിക്കുന്നു. കഴിഞ്ഞ നാല് ദശാബ്ദക്കാലമായി ദൃശ്യകലാരംഗത്തുള്ള സര്‍ഗ്ഗാത്മക കലാസപര്യയെ ആദരിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ അദ്ദേഹത്തിന് 2009 ലെ രാജാരവിവര്‍മ്മ പുരസ്‌കാരം സമ്മാനിച്ചിരുന്നു.
 പ്രായഭേദമന്യെയുള്ള കലാകാരന്മാരുടെയും കലാസ്വാദകരുടെയും ഇതരമേഖലകളിലുള്ളവരുടെയും ഊഷ്മളമായ സൗഹൃദം സി.എന്‍.കരുണാകരന്‍ എന്നും സൂക്ഷിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആര്‍ട്ട് ഗ്യാലറി സ്ഥാപിച്ചത് അദ്ദേഹമാണ്. കേരളത്തില്‍ ജീവിക്കുന്ന ചിത്രകാരന്മാരില്‍ വളരെയധികം ചിത്രങ്ങള്‍ വില്ക്കപ്പെട്ടിട്ടുള്ള ചുരുക്കം ചിത്രകാരന്മാരിലൊരാളാണ് സി.എന്‍. കരുണാകരന്‍. നിരന്തരമായ സപര്യയിലൂടെ തന്റെ കലാശൈലി ജനമനസ്സുകളില്‍ ആഴത്തില്‍ പതിപ്പിച്ചിട്ടുള്ള അപൂര്‍വ്വം വ്യക്തിത്വങ്ങളിലൊരാളായിരുന്നു അദ്ദേഹം. അത് കാലാതീതമായി നിലനില്‍ക്കുന്നതുമായിരിക്കുമെന്നത് സ്പഷ്ടമാണ്.