സിറ്റി ഓഫ്‌ കളേഴ്‌സ്‌ -പഠന ശിബിരം ഒക്‌ടോബര്‍ 18ന്‌

സിറ്റി ഓഫ്‌ കളേഴ്‌സ്‌ പഠന ശിബിരം ഒക്‌ടോബര്‍ 18ന്‌ കൊച്ചിയെ വര്‍ണ്ണാഭമാക്കുന്ന സിറ്റി ഓഫ്‌ കളേഴ്‌സ്‌ പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി പഠന ശിബിരം സംഘടിപ്പിക്കുന്നു. എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട്‌ ഗ്യാലറിയില്‍ ഒക്‌ടോബര്‍ 18ന്‌ വൈകീട്ട്‌ 5 നാണ്‌ പരിപാടി. ചുമര്‍ ചിത്രകലയേയും ഗ്രാഫിറ്റി ആര്‍ട്ടിനേയും സംബന്ധിച്ച പഠന പരിപാടിയാണ്‌ ഒരുക്കിയിട്ടുള്ളത്‌. ചിത്രകലാ രംഗത്തെ വിദഗ്‌ദര്‍ ക്ലാസ്സുകള്‍ നയിക്കും. കൊച്ചിയുടെ തെരുവോരങ്ങളെ ചിത്രങ്ങളും വര്‍ണ്ണങ്ങളും കൊണ്ട്‌ മനോഹരമാക്കുന്ന ബൃഹത്തായ പദ്ധതിയുടെ മുന്നൊരുക്കം എന്ന നിലയിലാണ്‌ പഠന ശിബിരം സംഘടിപ്പിക്കുന്നത്‌. കഴിഞ്ഞ ദിവസം കേരള ലളിതകലാ അക്കാദമി ശില്‌പശാല സംഘടിപ്പിച്ചിരുന്നു. മുന്നൂറോളം ചിത്രകാരന്മാരെ പന്ത്രണ്ട്‌ ഗ്രൂപ്പുകളായി തിരിച്ച്‌ സിറ്റി ഓഫ്‌ കളേഴ്‌സിന്റെ രൂപരേഖ നടത്തുവാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ്‌ ശനിയാഴ്‌ച നടക്കുന്ന പഠന ശിബിരം. കേരള ലളിതകലാ അക്കാദമി കൊച്ചി കോര്‍പ്പറേഷന്റേയും ജനപ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ്‌ സിറ്റി ഓഫ്‌ കളേഴ്‌സ്‌ സംഘടിപ്പിക്കുന്നത്‌. എറണാകുളം ജില്ലയിലേയും പരിസരപ്രദേശങ്ങളിലേയും ചിത്രകാരന്മാരുടെ കൂട്ടായ്‌മയിലൂടെയാണ്‌ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്‌.