സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌ക്കാരങ്ങള്‍ - 2015-16

കേരള ലളിതകലാ അക്കാദമി
സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌ക്കാരങ്ങള്‍ - 2015-16

കേരള ലളിതകലാ അക്കാദമിയുടെ 2015-16 വര്‍ഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌ക്കാരങ്ങള്‍
പ്രഖ്യാപിച്ചു.
ഫോട്ടോഗ്രാഫി വിഭാഗത്തില്‍ സംസ്ഥാന മുഖ്യപുരസ്‌കാരം ഒരു കലാകാരനാണ് നല്‍കുന്നത്. 25,000/- രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന പ്രസ്തുത പുരസ്‌കാരം കൂടാതെ, 10,000/- രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന രണ്ട് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരങ്ങള്‍ കൂടി ഫോട്ടോഗ്രാഫി വിഭാഗത്തില്‍ നല്‍കുന്നു.
2015-16 വര്‍ഷത്തെ ഫോട്ടോഗ്രാഫി മുഖ്യപുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത് ഇ.വി. ശ്രീകുമാറിനാണ്. അദ്ദേഹത്തിന്റെ 'ന്യൂ ജനറേഷന്റെ ഇടയില്‍ വഴി തെറ്റി കയറിവന്ന ഓള്‍ഡ് ജനറേഷന്‍' എന്ന ഫോട്ടോഗ്രാഫിനാണ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത് പ്രവീണ്‍ പോള്‍ (ഫോട്ടോഗ്രാഫ് : 'പാത് ഫൈന്റേഴ്‌സ്'), റോയി ഡാനിയേല്‍ (ഫോട്ടോഗ്രാഫ് : 'തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്') എന്നീ കലാകാരന്മാര്‍ക്കാണ്.
സംസ്ഥാന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും പുരസ്‌കാരത്തിനുമായി ലഭിച്ച 169 ചിത്രങ്ങളില്‍ നിന്നുമാണ് പുരസ്‌കാരത്തിനര്‍ഹമായ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ ഉണ്ണി കോട്ടയ്ക്കല്‍, കെ. രവികുമാര്‍, ചിത്രകാരനും അക്കാദമി വൈസ് ചെയര്‍മാനുമായ നേമം പുഷ്പരാജ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

ഫോട്ടോഗ്രാഫി സംസ്ഥാന പുരസ്‌കാരം

ഇ.വി. ശ്രീകുമാര്‍
കൊച്ചി സ്വദേശിയായ ഇ.വി. ശ്രീകുമാറിന് മലയാള മനോരമയില്‍ 27 വര്‍ഷം സേവനപാരമ്പര്യമുണ്ട്. ഫോട്ടോഗ്രാഫറായി കോട്ടയത്ത് ജോലി ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഫലിത സ്വഭാവമുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ താല്പര്യമുള്ള അദ്ദേഹത്തിന് മൂന്ന് ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം

1. പ്രവീണ്‍ പോള്‍
പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്തും ഗ്രാഫിക് ഡിസൈനിങ്ങ് രംഗത്തും പത്ത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പ്രവീണ്‍ പോള്‍ തൃശ്ശൂര്‍ കുന്നംകുളം സ്വദേശിയാണ്. എ കെ പി എ അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ അദ്ദേഹത്തിന് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

2. റോയി ഡാനിയേല്‍
പത്തനംതിട്ട സ്വദേശിയായ റോയ് ഡാനിയേലിന് 2006ല്‍ ഫോട്ടോഗ്രാഫി അസോസിയേഷന്‍ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷത്തിലധികമായി പ്രഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്ത് സേവനമനുഷ്ഠിക്കുന്നു.

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍, വൈസ് ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, ട്രഷറര്‍ വി.ആര്‍. സന്തോഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.