സംസ്ഥാന ഫോട്ടോഗ്രാഫി/കാര്‍ട്ടൂണ്‍ പ്രദര്‍ശനം

 കേരള ലളിതകലാ അക്കാദമിയുടെ 2013 ലെ സംസ്ഥാന ഫോട്ടോഗ്രാഫി/കാര്‍ട്ടൂണ്‍ പ്രദര്‍ശനം അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആഗസ്റ്റ് 19 മുതല്‍ ആരംഭിക്കുന്നു. ഈ വര്‍ഷം സംസ്ഥാനപ്രദര്‍ശനത്തിനും പുരസ്‌കാരത്തിനുമായി ലഭിച്ച 232 അപേക്ഷകരില്‍ നിന്നും 61 കലാകാരന്മാരുടെ 86 ഫോട്ടോഗ്രാഫുകളാണ് പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്. ഫോട്ടോഗ്രാഫിക്കുള്ള സംസ്ഥാനപുരസ്‌ക്കാരം കണ്ണൂര്‍ ജില്ലയിലെ പുത്തൂര്‍ സ്വദേശിയായ രാകേഷ് പുത്തൂരിനാണ് ലഭിച്ചത്. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ സാലി തങ്കപ്പനും, എറണാകുളം സ്വദേശിയായ അജോഷ് പാറക്കനുമാണ് ഓണറിബിള്‍ മെന്‍ഷന്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
 കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ 49 അപേക്ഷകരില്‍ നിന്നും 31 കാര്‍ട്ടൂണിസ്റ്റുകളുടെ 41 കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തത്. കോട്ടയം മുണ്ടക്കയം സ്വദേശിയായ ശിവ കെ.എം., കാര്‍ട്ടൂണിനുള്ള സംസ്ഥാനപുരസ്‌കാരത്തിനര്‍ഹനായി. എറണാകുളം ചിറ്റുര്‍ സ്വദേശിയായ മനോജ് മത്തശ്ശേരിയില്‍, എറണാകുളം അങ്കമാലി സ്വദേശിയായ ബൈജു പൗലോസ് എന്നിവര്‍ക്കാണ് ഓണറിബിള്‍ മെന്‍ഷന്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
 ആഗസ്റ്റ് 19-ാം തിയ്യതി രാവിലെ 10 മണിക്ക് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശ്രീ. റസാഖ് കോട്ടക്കന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രദര്‍ശനം ആഗസ്റ്റ് 31 ന് സമാപിക്കും.