സംസ്ഥാന പ്രദര്‍ശനം

കേരള ലളിതകലാ അക്കാദമിയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷമായതിനാല്‍ ഇത്തവണത്തെ ചിത്ര-ശില്പ-കാര്‍ട്ടൂണ്‍-ഫോട്ടോഗ്രാഫി വാര്‍ഷിക പ്രദര്‍ശനത്തോടനുബന്ധിച്ച് മുഖ്യപുരസ്‌ക്കാരം ലഭിച്ച ഏഴു കലാകാരന്മാര്‍ക്ക് അവാര്‍ഡ് തുകയ്ക്ക് പുറമെ ഹരിദ്വാറിലേക്കുള്ള വിമാനയാത്രയും ഗംഗോത്രിയില്‍ 10 ദിവസം താമസിച്ചു കലാസൃഷ്ടികള്‍ നടത്താനുള്ള അവസരവും നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ കെ.എ.ഫ്രാന്‍സിസും സെക്രട്ടറി ശ്രീമൂലനഗരം മോഹനനും അറിയിച്ചു.

പ്രദര്‍ശനത്തോടനുബന്ധിച്ചുള്ള മത്സരത്തിനു കലാസൃഷ്ടികള്‍ അയക്കേണ്ട അവസാന തീയതി നവംബര്‍ 30 ആയിരുന്നതു ഡിസംബര്‍ 20 വരെ നീട്ടി.  നേരത്തെ കലാസൃഷ്ടികള്‍ അയച്ചവര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ടത് അയയ്ക്കുന്നതിന് (പരമാവധി ഒരെണ്ണം) അവസരമുണ്ട്.  രണ്ടാമത് അയയ്ക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.  മറ്റു നിബന്ധനകളില്‍ മാറ്റമില്ല.

ഗംഗോത്രിയില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിനോടനുബന്ധിച്ച് ഹിമാലയ യാത്രയും നിത്യേനയുള്ള യോഗാ ക്ലാസുകളുമുണ്ടാകും.  ജൂബിലി വര്‍ഷ പ്രദര്‍ശനത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട കലാസൃഷ്ടികള്‍ ലഭ്യമാക്കാനാണ് അക്കാദമി ഇങ്ങനെയൊരു ‘കലായാത്ര’ കൂടി ഒരുക്കുന്നത്.

ബനാറസ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കാശിയിലും പിലാര്‍തിയോളജിക്കല്‍ കോളേജിന്റെ സഹായത്തോടെ ഗോവയിലും അക്കാദമി കലാകാരന്മാര്‍ക്കായി ഒരുക്കിയ വിപുലമായ ക്യാമ്പുകളുടെ മാതൃകയിലായിരിക്കും ‘ഗംഗോത്രി ക്യാമ്പും’ നടത്തുക.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2333773 എന്ന നമ്പറില്‍ ബന്ധപ്പെടുക.