സംസ്ഥാന പുരസ്‌ക്കാരങ്ങളും പ്രദര്‍ശനവും - 2013

കേരള ലളിതകലാ അക്കാദമിയുടെ 2013ലെ സംസ്ഥാന വാര്‍ഷിക കലാപ്രദര്‍ശനത്തിനും പുരസ്‌ക്കാരങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെടുവാനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു. പെയ്ന്റിങ്ങ്, ഡ്രോയിങ്ങ്, ഗ്രാഫിക് പ്രിന്റ്, ശില്പം എന്നീ വിഭാഗങ്ങളില്‍ വരുന്ന കലാസൃഷ്ടികളാണ് സ്വീകരിക്കുക.
15,000/- രൂപയുടെ അഞ്ച് സ്റ്റേറ്റ് അവാര്‍ഡുകള്‍ക്ക് പുറമെ 5,000/- രൂപയുടെ അഞ്ച് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരങ്ങളും, 3,000/- രൂപയുടെ അഞ്ച് സ്‌പെഷ്യല്‍ മെന്‍ഷന്‍ പുരസ്‌ക്കാരങ്ങളും (കലാവിദ്യാര്‍ത്ഥികള്‍ക്ക്) ഉണ്ടായിരിക്കുന്നതാണ്. മികച്ച പ്രകൃതിചിത്രങ്ങള്‍ക്കും ഛായാചിത്രങ്ങള്‍ക്കും പ്രത്യേക സ്വര്‍ണ്ണമെഡല്‍ എന്‍ഡോവ്‌മെന്റുകളും നല്‍കുന്നതാണ്.
സംസ്ഥാന പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2011ന് ശേഷം രചിച്ച മൂന്ന് കലാസൃഷ്ടികളുടെ 10 ഇഞ്ച് (25 സെ.മീ.) നീളവും ആനുപാതിക വീതിയും വരുന്ന ഫോട്ടോഗ്രാഫുകള്‍, കലാസൃഷ്ടിയുടെ നീളം, വീതി (ശില്പങ്ങളുടെ കാര്യത്തില്‍ തറവിസ്താരവും ഉയരവും) മാദ്ധ്യമം, കലാസൃഷ്ടിയുടെ പേര് തുടങ്ങിയ വിശദാംശങ്ങളും, കലാകാരന്റെ ലഘുജീവചരിത്രക്കുറിപ്പും പൂര്‍ണ്ണ മേല്‍വിലാസവും (ഫോണ്‍ നമ്പറടക്കം) രേഖപ്പെടുത്തി 2012 നവംബര്‍ 30-ാം തീയതിയ്ക്കകം ‘സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20’ എന്ന മേല്‍വിലാസത്തില്‍ അയയ്ക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. കവറിനു പുറത്ത് ‘സംസ്ഥാന പ്രദര്‍ശനം - 2013’ എന്ന് രേഖപ്പെടുത്തണം. ഫോട്ടോഗ്രാഫുകള്‍ തിരികെ ലഭിക്കുവാന്‍ സ്വന്തം മേല്‍വിലാസമെഴുതി മതിയായ സ്റ്റാമ്പ് പതിച്ച കവര്‍ കൂടി ഇതോടൊപ്പം അയയ്ക്കുക.
പ്രദര്‍ശനത്തിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പിനുശേഷം അര്‍ഹരായ കലാകാരന്മാരെ വിവരം അറിയിക്കുന്നതാണ്. പ്രാഥമിക തെരഞ്ഞെടുപ്പില്‍ വിജയികളായ എല്ലാവരുടെയും കലാസൃഷ്ടികള്‍ സംസ്ഥാന പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്. അവര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ നിലവാരത്തോടെ ഫ്രെയിം ചെയ്ത് പ്രദര്‍ശനത്തിന് സജ്ജമായ രീതിയില്‍ 15 ദിവസത്തിനകം പൂരിപ്പിച്ച എന്‍ട്രിഫോം സഹിതം അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ എത്തിക്കണം. തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കലാകാരന്മാര്‍ എന്‍ട്രിഫീസ് 50/- രൂപ (വിദ്യാര്‍ത്ഥികള്‍ക്ക് 20/- രൂപ) ആ സമയത്ത് ഗ്യാലറിയില്‍ അടക്കേണ്ടതാണ്.

 

ശ്രീമൂലനഗരം മോഹന്‍
സെക്രട്ടറി