സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌ക്കാരങ്ങള്‍ - 2015-16

കേരള ലളിതകലാ അക്കാദമി
സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌ക്കാരങ്ങള്‍ - 2015-16

മികച്ച കാര്‍ട്ടൂണിനുള്ള കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കെ.വി.എം. ഉണ്ണിയ്‌ക്ക്‌ സംസ്ഥാന മുഖ്യപുരസ്‌ക്കാരം. ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരത്തിന്‌ ഷാനവാസ്‌ മുടിക്കലും രമാദേവി എസും അര്‍ഹരായി.

കെ.വി.എം. ഉണ്ണി
1975ല്‍ മലപ്പുറം ജില്ലയിലെ കരുവമ്പലത്ത്‌ ജനിച്ചു. കെ.വി.എം. ഉണ്ണി എന്ന പേരില്‍ കാര്‍ട്ടൂണുകളും മറ്റ്‌ ചിത്രങ്ങളും വരക്കുന്നു. സ്‌ക്കൂള്‍, കോളേജ്‌ വിദ്യാഭ്യാസത്തിനുശേഷം 2 വര്‍ഷം പട്ടാമ്പിയില്‍ നിന്നും ചിത്രകല പഠിച്ചു. 1995 മുതല്‍ മാതൃഭൂമിയില്‍ ജോലി ചെയ്യുന്നു. മാതൃഭൂമിയുടെ കോട്ടയം, കൊച്ചി എന്നീ എഡിഷനുകളിലും ഇപ്പോള്‍ മലപ്പുറം എഡിഷനിലും ജോലി ചെയ്യുന്നു. 1997ല്‍ മാതൃഭൂമി വിദ്യാരംഗത്തില്‍ തുടങ്ങിയ `പാഠ്യേതരം' ആണ്‌ ആദ്യ കാര്‍ട്ടൂണ്‍ കോളം. മാതൃഭൂമി നര്‍മ്മഭൂമിയിലെ `ക്ലിക്‌', വാരാന്തപതിപ്പിലെ ജോക്‌.കോം, മലപ്പുറം മാതൃഭൂമിയില്‍ ഇലക്ഷന്‍ സമയത്ത്‌ തുടങ്ങിയ പോക്കറ്റ്‌ കാര്‍ട്ടൂണ്‍ ആയ `മലപ്പുറം കത്തി' എന്നിവയാണ്‌ മറ്റ്‌ പ്രധാന കാര്‍ട്ടൂണ്‍ കോളങ്ങള്‍. ദിനപത്രത്തിലും കുട്ടികള്‍ക്കുവേണ്ടിയുള്ള പുസ്‌തകങ്ങളിലും ധാരാളം വരച്ചിട്ടുണ്ട്‌. `ചിരിവരകള്‍' എന്ന പേരില്‍ കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍, സ്റ്റേജ്‌ ഷോയും നടത്തുന്നു. ചിത്തിര തിരുന്നാള്‍ ചിത്രകലാ അവാര്‍ഡ്‌, മലബാര്‍ വിഷന്‍ കാര്‍ട്ടൂണ്‍ എക്‌സലന്‍സി അവാര്‍ഡ്‌ തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. `മിണ്ടും മുണ്ട്‌' എന്ന ശീര്‍ഷകത്തിലുള്ള കാര്‍ട്ടൂണിനാണ്‌ സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചത്‌.

ഷാനവാസ്‌ മുടിക്കല്‍
പെരുമ്പാവൂര്‍ സ്വദേശിയായ ഷാനവാസ്‌ മുടിക്കല്‍ ചിത്രകല, സിനിമ, മള്‍ട്ടിമീഡിയ എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുള്ള കലാകാരനാണ്‌. പെരുമ്പാവൂര്‍, കൊച്ചി, തൃശ്ശൂര്‍ എന്നീ പട്ടണങ്ങളില്‍ സംഘടിപ്പിച്ച വിവിധ കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങളിലും 2011ല്‍ സ്റ്റേജ്‌ കാര്‍ട്ടൂണ്‍ എക്‌സിബിഷനിലും പങ്കെടുത്തിട്ടുണ്ട്‌. ശീര്‍ഷകമില്ലാത്ത കാര്‍ട്ടൂണിനാണ്‌ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരം ലഭിച്ചത്‌.

രമാദേവി എസ്‌.
കോട്ടയം സ്വദേശിനിയായ രമാദേവി കമ്പ്യൂട്ടര്‍ ഡിസൈനറും കാരിക്കേച്ചറിസ്റ്റുമാണ്‌. സെക്രട്ടറിയേറ്റില്‍ നിന്നും പ്രസിദ്ധീകരിച്ച ഒ.സി. സ്റ്റോറീസ്‌, ചാപ്ലിന്‍ ലൈന്‍സ്‌ എന്നീ പുസ്‌തകങ്ങളില്‍ കാരിക്കേച്ചറുകള്‍ ചെയ്‌തിട്ടുണ്ട്‌. `പാരീസ്‌ ടെററിസം' എന്ന ശീര്‍ഷകത്തിലുള്ള കാര്‍ട്ടൂണിനാണ്‌ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരം ലഭിച്ചത്‌.

2015-16 വര്‍ഷത്തെ സംസ്ഥാന കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിനായി പ്രാഥമിക മൂല്യ നിര്‍ണ്ണയത്തില്‍ 38 പേരുടെ 56 കലാസൃഷ്‌ടികള്‍ തെരഞ്ഞെടുത്തു. ഇവരില്‍ 37 പേരുടെ 55 കാര്‍ട്ടൂണുകളാണ്‌ സംസ്ഥാന പുരസ്‌കാര പരിഗണനക്കായി ലഭിച്ചത്‌. 25,000/- രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന സംസ്ഥാന പുരസ്‌ക്കാരം (State Award) ഒരാള്‍ക്കും, 10,000/- രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന രണ്ട്‌ ഓണറബിള്‍ മെന്‍ഷന്‍ (Honourable Mention) പുരസ്‌ക്കാരങ്ങളുമാണ്‌ നല്‌കുന്നത്‌. കാര്‍ട്ടൂണിസ്റ്റ്‌ പ്രസന്നന്‍ ആനിക്കാട്‌, അക്കാദമി എക്‌സിക്യൂട്ടീവ്‌ അംഗം ശ്രീ. ജി. ഹരികുമാര്‍, അക്കാദമി സെക്രട്ടറി ശ്രീ. വൈക്കം എം.ക. ഷിബു എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ്‌ പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്‌.
അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു വാര്‍ത്താസമ്മേളനത്തിലാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌.