'സംസാരിക്കുന്ന ശിലകള്‍'

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന വി. സതീശന്റെ ഏകാംഗ ശില്പ പ്രദര്‍ശനം 2013 ഡിസംബര്‍ 1 ന് അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ ആരംഭിക്കുന്നു. തിരുവനന്തപുരം സ്വദേശിയും തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ കലാ അദ്ധ്യാപകനുമായ സതീശന്റെ ഈ പ്രദര്‍ശനത്തിന് സംസാരിക്കുന്ന ശിലകള്‍ എന്നാണ് നാമകരണം ചെയ്തിട്ടുളളത്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എഫ്.എ.യും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എഫ്.എ.യും കരസ്ഥമാക്കിയിട്ടുള്ള സതീശന്‍ കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. സതീശന്റെ 8-ാംമത്തെ ഏകാംഗ പ്രദര്‍ശനമാണിത്. നിരവധി ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ള സതീശന് കേരള ലളിതകലാ അക്കാദമിയുടെയും രാജസ്ഥാന്‍ ലളിതകലാ അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഗ്രാനൈറ്റിലും വെങ്കലത്തിലുമുള്ള ശില്പങ്ങളാണ് ഈ പ്രദര്‍ശനത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2013 ഡിസംബര്‍ 1 വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനം ഡിസംബര്‍ 7 ന് സമാപിക്കും.