മൊണാസ്ട്രി -ഏകാംഗപ്രദര്‍ശനം

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന മോന എസ്. മോഹന്റെ ഏഴു ദിവസം നീണ്ടു നില്ക്കുന്ന ഏകാംഗപ്രദര്‍ശനം അക്കാദമിയുടെ തൃശൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഒക്‌ടോബര്‍ 22ന് ആരംഭിക്കുന്നു. മനുഷ്യന്‍ അവന്റെ തിരക്കുപിടിച്ച ജീവിതത്തിനു പിന്നാലെയുള്ള അനന്തമായ ഓട്ടത്തിനിടയില്‍ നേരിടുന്ന അനുഭവങ്ങള്‍ ചിത്രകലയിലൂടെ ആസ്വാദകരിലെത്തിക്കുവാനാണ് തൃപ്പൂണിത്തുറ സ്വദേശിനിയായ  മോന തന്റെ ചിത്രങ്ങളിലൂടെ ശ്രമിക്കുന്നത്. തന്റെ കുട്ടിക്കാല ജീവിതാന്തരീക്ഷവും ഇന്നത്തെ നാടിന്റെ സാങ്കേതിക വളര്‍ച്ചയും ഇതിനിടയിലെ സ്ത്രീകളുടെയും കുട്ടികളുടെയും യാതനകളും വേദനകളുമാണ് മോനയുടെ ചിത്രങ്ങളിലെ മുഖ്യവിഷയങ്ങള്‍.
ഇന്നത്തെ സമൂഹത്തില്‍ പ്രതിസന്ധികള്‍ക്ക് ഇരകളാകുന്ന വലിയ വിഭാഗമായി കുട്ടികള്‍ മാറികൊണ്ടിരിക്കുന്നതായി മോന നിരീക്ഷിക്കുന്നു. അവരുടെ നിഷ്‌കളങ്കത കൈവിട്ടു പോയിരിക്കുന്നതും മൗലിക അവകാശങ്ങളില്‍ നിന്ന് അവര്‍ പിഴുതെറിയപ്പെടുന്നതും മാതാപിതാക്കള്‍ ഇതിന് കാരണഭൂതരാവുന്നതും തന്റെ കലയിലൂടെ മോന പറയുന്നു. കുഞ്ഞുങ്ങളെ നിറമില്ലാത്ത, സുഗന്ധമില്ലാത്ത പുഷ്പങ്ങളാക്കി മാറ്റുന്ന ഈ അവസ്ഥക്കെതിരെ പ്രതികരിക്കുവാനാണ് മോന തന്റെ ചിത്രങ്ങളിലൂടെ ശ്രമിക്കുന്നത്. ഒക്‌ടോബര്‍ 28ന് പ്രദര്‍ശനം സമാപിക്കും.

 

ശ്രീമൂലനഗരം മോഹന്‍
സെക്രട്ടറി