മാനന്തവാടി ആര്‍ട്ട് ഗ്യാലറി

കേരള ലളിതകലാ അക്കാദമിയുടെ പുതിയ ആര്‍ട്ട് ഗ്യാലറി മാനന്തവാടി സോളിഡാരിറ്റി വികസന വിദ്യാഭ്യാസ കേന്ദ്രത്തില്‍ 2012 നവംബര്‍ 4 ഞായറാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന പിന്നോക്ക പട്ടികവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കുമാരി. പി.കെ. ജയലക്ഷ്മി നിര്‍വ്വഹിക്കും. അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എം.ഐ. ഷാനവാസ് എം.പി. മുഖ്യാതിഥിയായിരിക്കും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍. പൗലോസ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്‍ അഷറഫ് സി, മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, മാനന്തവാടി പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ദാസന്‍ കക്കണ്ടി, സോളിഡാരിറ്റി സെക്രട്ടറി കെ. നാരായണന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.

 പരിസ്ഥിതി വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രധാനപ്പെട്ട സഞ്ചാരകേന്ദ്രമായ വയനാട് ജില്ലയിലെ ആദ്യത്തെ ഗ്യാലറിയാണ് ചരിത്രം ഉറങ്ങുന്ന മാനന്തവാടി പട്ടണത്തിലെ സോളിഡാരിറ്റി കെട്ടിടത്തില്‍ ആരംഭിക്കുന്നത്. ഗ്യാലറിയില്‍ ശ്രദ്ധേയരായ സമകാലീന ചിത്രകാരീ ചിത്രകാരന്മാരുടെ കലാസൃഷ്ടികളാണ് പ്രഥമ പ്രദര്‍ശനമായി ഒരുക്കുന്നത്. മെട്രോ നഗരങ്ങളിലെ ഗ്യാലറികളില്‍മാത്രം ലഭ്യമായ അതിനൂതനമായ ട്രാക്ക് എല്‍.ഇ.ഡി. വെളിച്ച വിതാനമാണ് ഈ ഗ്യാലറിയില്‍ ഒരുക്കിയിട്ടുള്ളത്. മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നിന്നും 400 മീറ്റര്‍ ദൂരത്തില്‍ മൈസൂര്‍ റോഡില്‍ വനതുല്യമായ, ഹരിതാഭയില്‍ നിലനില്‍ക്കുന്ന സോളിഡാരിറ്റി കെട്ടിടത്തില്‍ ആരംഭിക്കുന്ന ഈ ഗ്യാലറി വയനാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ചിത്രകാരന്മാരുടെയും ഒരു ലക്ഷ്യസ്ഥാനമായി ഭാവിയില്‍ പരിണമിക്കും.