മഹാഭാരത വിചാരം ചിത്രകലാ ക്യാമ്പ്‌ : 30 മുതല്‍

കേരള ലളിതകലാ അക്കാദമി
മഹാഭാരത വിചാരം ചിത്രകലാ ക്യാമ്പ്‌ : 30 മുതല്‍

ടി.ടി. കൊസാമ്പി, ഇരാവതി കാര്‍വെ, ശിവാജി സാവന്ത്‌, എഴുത്തച്ഛന്‍, കുട്ടികൃഷ്‌ണമാരാര്‍, മാലി, പി.കെ. ബാലകൃഷ്‌ണന്‍, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങിയ നിരവധി ചിന്തകരും
എഴുത്തുകാരും മഹാഭാരതത്തിന്‌ പുതിയ വ്യാഖ്യാനങ്ങളും പാഠനിര്‍മ്മിതികളും സൃഷ്‌ടിച്ചിട്ടുണ്ട്‌. എന്നാല്‍, ചിത്രകലയുടെ മേഖലയില്‍ പുതിയ വായനകളോ വ്യാഖ്യാനങ്ങളോ കലാപ്രയോഗങ്ങളോ കേരളത്തില്‍ നടന്നിട്ടില്ല.

പുരാണ ഇതിഹാസങ്ങളെ വ്യത്യസ്‌ത വീക്ഷണ കോണുകളിലൂടെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഈ പോരായ്‌മ പരിഹരിക്കുവാനാണ്‌ അക്കാദമി ഉദ്ദേശിക്കുന്നത്‌. ആദ്യഘട്ടമെന്ന നിലയില്‍
മഹാഭാരതം പ്രമേയമാക്കി കലാക്യാമ്പിന്‌ തുടക്കമിടുന്നു.

മലയാളികളടക്കമുള്ള രാജ്യത്തെ ശ്രദ്ധേയരായ ഇരുപത്തിആറ്‌ ചിത്രരചയിതാക്കള്‍ വലിയ ക്യാന്‍വാസില്‍ മഹാഭാരതത്തിനെ വിവിധ വീക്ഷണ കോണുകളിലൂടെ കണ്ടുകൊണ്ട്‌ രചന നടത്തുന്നു. പാരസ്‌പര്യ സ്വഭാവത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ഈ ക്യാമ്പില്‍ കലാപ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കും, കലാസ്വാദകര്‍ക്കും ഒരു സമഗ്രസ്വഭാവത്തിലുള്ള സംവേദനവും പ്രചോദനവും
ഉണ്ടാക്കുക എന്നതാണ്‌ അക്കാദമിയുടെ ലക്ഷ്യം.

നമ്മുടെ ചുവര്‍ചിത്രങ്ങളിലും ചിത്രരാമായണത്തിലും പില്‍ക്കാലത്ത്‌ രവിവര്‍മ്മ ചിത്രങ്ങളിലും പുരാണേതിഹാസങ്ങള്‍ പ്രമേയമായിരുന്നെങ്കിലും ആധുനിക കേരളീയ ചിത്രകലയില്‍ അവ പ്രമേയമാക്കി പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടില്ല.

കേരളത്തിലെ അനുഷ്‌ഠാന അവതരണ കലകളാകട്ടെ, പുരാണ-ഇതിഹാസ കഥകളാല്‍സമ്പന്നമാണ്‌. യക്ഷഗാനം, തോല്‍പ്പാവക്കൂത്ത്‌, കഥകളി, നാടകം (പഞ്ചരാത്രം), സംഗീത
കച്ചേരികള്‍, നൃത്തം തുടങ്ങി വിവിധ തരത്തിലുള്ള കലാവിഷ്‌കാരങ്ങളും ക്യാമ്പിനോടനുബന്ധിച്ച്‌ ഉണ്ടാകും.

`മഹാഭാരത വിചാരം' ക്യാമ്പിന്റെ പ്രധാന സവിശേഷത എല്ലാ ദിവസവും വൈകുന്നേരം 5.30നുള്ള പ്രഭാഷണപരമ്പരയാണ്‌. ഭഗവത്‌ഗീത, പുരാണം തുടങ്ങിയവ സംബന്ധിച്ചുള്ള വസ്‌തുനിഷ്‌ഠമായ അപഗ്രഥനത്തില്‍ നൈപുണ്യം നേടിയ വ്യക്തി എന്ന നിലയില്‍ സുപരിചിതനായ സ്വാമി സന്ദീപാനന്ദ ഗിരി, പ്രശസ്‌ത കലാ ചരിത്രകാരനും വാഗ്മിയും സംസ്‌കൃത പണ്‌ഡിതനും ഗവേഷകനുമായ ഡോ. കല്യാണ്‍കുമാര്‍ ചക്രവര്‍ത്തി ഐ.എ.എസ്‌., വാഗ്മിയും നിരൂപകനുമായ ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ മഹാഭാരതം പ്രമേയമാക്കി സംസാരിക്കും. ഇത്തരത്തില്‍ തികച്ചും പാരസ്‌പര്യ സ്വഭാവത്തില്‍ സംഘടിപ്പിക്കുന്ന കലാക്യാമ്പ്‌ ആയതുകൊണ്ടുതന്നെ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ പ്രയോജനപ്രദമായിരിക്കും.

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 30ന്‌ ആരംഭിക്കുന്ന ചിത്രകലാക്യാമ്പോടെ മഹാഭാരതം പുതിയ കാലഘട്ടത്തില്‍ ചെലുത്തിയ സ്വാധീനം ചിത്രകാരന്മാര്‍ വരച്ചു തുടങ്ങും. മഹാഭാരത വിചാരം എന്ന്‌ പേരിട്ടിരിക്കുന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം വൈകീട്ട്‌ 3.30ന്‌ തൃശ്ശൂര്‍ ഭരത്‌ മുരളി ഓപ്പണ്‍ എയര്‍ തിയ്യറ്ററില്‍ ഡോ. കല്ല്യാണ്‍ കുമാര്‍ ചക്രവര്‍ത്തി ഐ.എ.എസ്‌. നിര്‍വ്വഹിക്കും. അക്കാദമി ചെയര്‍മാന്‍ ശ്രീ. സത്യപാല്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. വി. വേണു ഐ.എ.എസ്‌, മുന്‍ നിയമസഭാ സ്‌പീക്കര്‍ ശ്രീ. കെ. രാധാകൃഷ്‌ണന്‍, മേയര്‍ ശ്രീമതി. അജിത
ജയരാജന്‍, കൗണ്‍സിലര്‍ ശ്രീ. മഹേഷ്‌ കെ., ശ്രീ. രാവുണ്ണി, ശ്രീ. ടി.ആര്‍. അജയന്‍, ശ്രീ. വി.കെ. ജോസഫ്‌, ശ്രീ. ജി.പി. രാമചന്ദ്രന്‍, ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്‌, ഡോ. എം.എന്‍. വിനയകുമാര്‍,
ശ്രീ. ടി.ആര്‍. ചന്ദ്രദത്ത്‌ എന്നിവര്‍ ആശംസകള്‍ നേരും. ലളിതകലാ അക്കാദമി വൈസ്‌ ചെയര്‍മാന്‍ ശ്രീ. നേമം പുഷ്‌പരാജ്‌ സ്വാഗതവും ലളിതകലാ അക്കാദമി ട്രഷറര്‍ ശ്രീ. വി.ആര്‍. സന്തോഷ്‌ നന്ദിയും പറയും.

നവംബര്‍ 10 വരെ രാവിലെ 11 മുതല്‍ വൈകീട്ട്‌ 4 വരെ ചിത്രകലാ ക്യാമ്പും തുടര്‍ന്ന്‌ പ്രഭാഷണങ്ങളും കലാവിഷ്‌കാരങ്ങളും നടക്കും. എന്‍.കെ.പി. മുത്തുകോയ, ടോം. ജെ. വട്ടക്കുഴി, പി.ജി. ദിനേശ്‌, ബാര ഭാസ്‌ക്കരന്‍, ഗുരുപത്‌ ചിത്രകാര്‍, രാംസിങ്‌ ഉര്‍വേതി, ശ്രാവണ്‍ പസ്വാന്‍, ടി.പി. പ്രേംജി,ജെ.എല്‍. ശ്രീകുമാരി, കെ.പി. റെജി, വി.എസ്‌. മധു, ദീപ്‌തി വാസു, രാധ ഗോമതി, ജലജമോള്‍,പി.എസ്‌., കെ.ജി. ബാബു, ബാഹുലേയന്‍ സി.ബി., സിന്ധു ഡി., ജി. പ്രതാപന്‍, പുഷ്‌പാകരന്‍ കെ.കെ., മനോജ്‌ ബ്രഹ്മമംഗലം, കെ.കെ. സനില്‍കുമാര്‍, തോമസ്‌ കുരിശിങ്കല്‍, സ്‌മിജ വിജയന്‍, ശ്രീജ പള്ളം, ലതാദേവി എന്‍.ബി., ടി.ആര്‍. ഉദയകുമാര്‍ എന്നിവര്‍ ചിത്രകലാക്യാമ്പില്‍ പങ്കെടുക്കും. ഉദ്‌ഘാടനത്തിന്റെ മുന്നോടിയായി ഉച്ചയ്‌ക്ക്‌ 2ന്‌ തൃപ്പൂണിത്തുറ സജീവനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം ഉണ്ടായിരിക്കും. തുടര്‍ന്ന്‌ പ്രഭാഷണ പരമ്പരയുടെ ഭാഗമായി `മഹാഭാരതം : മനുഷ്യരാശിക്ക്‌ സാര്‍വ്വത്രികമായ സന്ദേശം' എന്ന വിഷയത്തില്‍ ഡോ. കല്ല്യാണ്‍ കുമാര്‍ ചക്രവര്‍ത്തി ഐ.എ.എസും, വൈകീട്ട്‌ 5.30ന്‌ `മഹാഭാരത വിചാരം' എന്ന വിഷയത്തില്‍ സ്വാമി സന്ദീപാനന്ദ ഗിരിയും പ്രഭാഷണം നടത്തും. രാത്രി 8ന്‌ കുമാരി. മധുവന്ദി നാരായണ്‍ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതകച്ചേരിയും നടക്കും.

31 തിങ്കളാഴ്‌ച രാവിലെ 10.30ന്‌ ഡോ. കല്ല്യാണ്‍ കുമാര്‍ ചക്രവര്‍ത്തി ഐ.എ.എസ്‌.`മഹാഭാരതം : ഒരു ജീവിത ദര്‍ശനം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. വൈകുന്നേരം 5.30ന്‌ സ്വാമി സന്ദീപാനന്ദ ഗിരിയുടെ `മഹാഭാരത വിചാരം' - പ്രഭാഷണവും രാത്രി 8.00ന്‌ ശ്രീ. ജയറാം പട്ടാലിയും സംഘവും അവതരിപ്പിക്കുന്ന യക്ഷഗാനം - `ഗദായുദ്ധം' ഉണ്ടായിരിക്കും.

നവംബര്‍ 1 ചൊവ്വ രാവിലെ 10.30ന്‌ മഹാഭാരതം : ഭരണക്രമത്തിന്‌ ഒരു ശരിയായ ദിശാസൂചി' എന്ന വിഷയത്തില്‍ ഡോ. കല്ല്യാണ്‍ കുമാര്‍ ചക്രവര്‍ത്തി ഐ.എ.എസ്‌. പ്രഭാഷണം നടത്തും.
വൈകുന്നേരം 4.00ന്‌ പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ട്രിപ്പിള്‍ തായമ്പക ഉണ്ടായിരിക്കും. വൈകുന്നേരം 5.30ന്‌ സ്വാമി സന്ദീപാനന്ദ ഗിരിയുടെ `മഹാഭാരത വിചാരം' -പ്രഭാഷണവും രാത്രി 8.00ന്‌ ഹൈദരബാദിലുള്ള ശ്രീമതി. യശോദ ടാക്കൂറിന്റെ കുച്ചിപ്പുടിയും ഉണ്ടാകും.

നവംബര്‍ 2 ബുധന്‍ രാവിലെ 10.30ന്‌ `മഹാഭാരതം : നാനാത്വത്തില്‍ ഏകത്വം' എന്ന വിഷയത്തില്‍ ഡോ. കല്ല്യാണ്‍ കുമാര്‍ ചക്രവര്‍ത്തി ഐ.എ.എസ്‌. പ്രഭാഷണം നടത്തും. വൈകുന്നേരം 5.30ന്‌്‌ സ്വാമി സന്ദീപാനന്ദ ഗിരിയുടെ `മഹാഭാരത വിചാരം' പ്രഭാഷണവും രാത്രി 8.00ന്‌ അലഹബാദിലുള്ള ഡോ. വിശാല്‍ ജയിന്‍ അവതരിപ്പിക്കുന്ന ദ്രുപത്‌ സംഗീതവും ഉണ്ടായിരിക്കും.

നവംബര്‍ 3 വ്യാഴം വൈകുന്നേരം 5.30ന്‌ സ്വാമി സന്ദീപാനന്ദ ഗിരിയുടെ `മഹാഭാരത വിചാരം' പ്രഭാഷണവും രാത്രി 8ന്‌ കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി തിയ്യറ്റര്‍ വിഭാഗം അവതരിപ്പിക്കുന്ന `പഞ്ചരാത്രം' നാടകവും ഉണ്ടാകും,

നവംബര്‍ 4 വെള്ളി വൈകുന്നേരം 5.30ന്‌ സ്വാമി സന്ദീപാനന്ദ ഗിരിയുടെ `മഹാഭാരത വിചാരം' പ്രഭാഷണം, രാത്രി 8ന്‌ ശ്രീ. രാമചന്ദ്രപുലവര്‍ അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്‌ -`ദുര്യോധനവധം' എന്നിവ ഉണ്ടായിരിക്കുന്നതാണ്‌.

നവംബര്‍ 5 ശനി വൈകുന്നേരം 5.30ന്‌്‌ ഡോ: സുനില്‍ പി. ഇളയിടം `മഹാഭാരതം : സാംസ്‌കാരിക ചരിത്രം'- `മഹാഭാരതം - ആഖ്യാനം, സ്വരൂപം, ജീവിതം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. രാത്രി 8ന്‌ ആലപ്പുഴ കൃപാസനം പൗരാണിക രംഗകലാപീഠം അവതരിപ്പിക്കുന്ന ചവിട്ടുനാടകം `അധികാരമോഹം' അരങ്ങേറും.

നവംബര്‍ 6 ഞായര്‍ വൈകുന്നേരം 5.30ന്‌്‌ ഡോ: സുനില്‍ പി. ഇളയിടം `മഹാഭാരതത്തിന്റെ ചരിത്രഭൂമിക' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. രാത്രി 8ന്‌ തൃശ്ശൂര്‍ കഥകളി ക്ലബ്ബ്‌ അവതരിപ്പിക്കുന്ന കഥകളി - `കര്‍ണ്ണശപഥം' ഉണ്ടായിരിക്കും.

നവംബര്‍ 7 തിങ്കള്‍ വൈകുന്നേരം 5.30ന്‌്‌ ഡോ: സുനില്‍ പി. ഇളയിടം `മഹാഭാരതം :പാഠാന്തരങ്ങളില്‍ നിന്ന്‌ സംശോധിതപാഠത്തിലേക്ക്‌' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. രാത്രി 8ന്‌ ശ്രീ. കൃഷ്‌ണന്‍ നമ്പ്യാര്‍ മിഴാവ്‌ കളരിയിലെ ശ്രീമതി. ഉഷാ നങ്ങ്യാര്‍ അവതരിപ്പിക്കുന്ന നങ്ങ്യാര്‍ക്കൂത്ത്‌ `ദ്രൗപതി - ദ്യൂതസഭ' ഉണ്ടായിരിക്കും.

നവംബര്‍ 8 ചൊവ്വ വൈകുന്നേരം 5.30ന്‌്‌ ഡോ: സുനില്‍ പി. ഇളയിടം `കൃഷ്‌ണനും ഭഗവത്‌ഗീതയും ഇന്ത്യാചരിത്രത്തില്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. രാത്രി 8ന്‌ തൃശ്ശൂര്‍ ജനഭേരി അവതരിപ്പിക്കുന്ന മോഹിനിയാട്ടം - `ചിത്രാംഗന' അരങ്ങേറും.

നവംബര്‍ 9 ബുധന്‍ വൈകുന്നേരം 5.30ന്‌്‌ ഡോ: സുനില്‍ പി. ഇളയിടം `ഭഗവദ്‌ഗീതയുടെ ചരിത്രസഞ്ചാരങ്ങള്‍' - എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. രാത്രി 8ന്‌ ശ്രീ. വിവേക്‌ മൂഴിക്കുളം അവതരിപ്പിക്കുന്ന കര്‍ണ്ണാടക സംഗീതം ഉണ്ടായിരിക്കും.

നവംബര്‍ 10 വ്യാഴം രാവിലെ 11ന്‌ സാംസ്‌കാരികകാര്യ വകുപ്പ്‌ സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ്ജ്‌ ഐ.എ.എസ്‌ ചിത്രപ്രദര്‍ശനം ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം 5.30ന്‌്‌ ഡോ: സുനില്‍ പി. ഇളയിടം `മഹാഭാരതത്തിന്റെ ജീവിതദര്‍ശനം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. രാത്രി 8ന്‌ ശ്രീ. വസന്തകുമാര്‍ സാംബശിവന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം `ശ്രീനാരായണഗുരു'
ഉണ്ടായിരിക്കും.

നവംബര്‍ 11 വെള്ളി വൈകുന്നേരം 5.30ന്‌ ശ്രീ. പനയൂര്‍ വാസുദേവന്‍ കളമെഴുത്ത്‌ നടത്തും.

മഹാഭാരതം ചിത്രപ്രദര്‍ശനം നവംബര്‍ 10 മുതല്‍ 18 വരെ ഉണ്ടായിരിക്കും.