'പന്തിഭോജനം' - ചിത്രകലാ ക്യാമ്പ്

'പന്തിഭോജനം' - ചിത്രകലാ ക്യാമ്പ്

    
    'പന്തിഭോജന'ത്തിന്റെ നൂറാം വര്‍ഷം പ്രമാണിച്ച് കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദശദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 19 മുതല്‍ 28 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പിനോടനുബന്ധിച്ച് പ്രഭാഷണപരമ്പര, കലാവിഷ്‌കാരങ്ങള്‍, പന്തിഭോജനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
    മാര്‍ച്ച് 19ന് 11 മണിക്ക് സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ അദ്ധ്യക്ഷം വഹിക്കും
    ഏഷ്യാനെറ്റിന്റെ സ്ത്രീശക്തി പുരസ്‌കാരം നേടിയ അക്കാദമിയുടെ മാനന്തവാടി ഗ്യാലറി ജീവനക്കാരി സി.ഡി. സരസ്വതിക്ക് അക്കാദമി വക ക്യാഷ് അവാര്‍ഡ് നല്‍കി മന്ത്രി അനുമോദിക്കും. ചടങ്ങില്‍ വിശിഷ്ടാതിഥികളായി കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജനും, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാറും പങ്കെടുക്കും. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി. ലളിത, സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. മഹേഷ് എന്നിവര്‍ അനുഗ്രഹഭാഷണം നടത്തും. കാലത്ത് 10 മണിക്ക് നാട്ട് ഗദ്ദികയും 12 മണിക്ക് കളരിപ്പയറ്റും, 1 മണിക്ക് പന്തിഭോജനവും ഉണ്ടാകും.
    28-ാം തീയതി വരെ വിവിധ ദിവസങ്ങളിലായി വൈകീട്ട് 5 മണിക്ക് നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ ബേബി ജോണ്‍, ഡോ. കെ.പി. മോഹനന്‍, കാര്‍ത്തികേയന്‍ നായര്‍, ഏഴാച്ചേരി
രാമചന്ദ്രന്‍, കെ.കെ.എന്‍. കുറുപ്പ്, പാര്‍വ്വതി പവനന്‍, യോഗി ശിവന്‍, ജെ. രഘു, നാരായണന്‍ കാവുമ്പായി തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാദിവസവും കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അവതരണവും ഉണ്ടാവും.
    28ന് നടക്കുന്ന സമാപന ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ സാംസ്‌കാരികവകുപ്പുമന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യും. ക്യാമ്പ് അംഗങ്ങള്‍ക്ക് സത്യപാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഡോ. വള്ളിക്കാവ് മോഹന്‍ദാസ് വിശിഷ്ടാതിഥിയാവും. ചിത്രകലാക്യാമ്പില്‍ അജയന്‍ കാരാടി, ചന്ദ്രാനന്ദന്‍,
ദിബിന്‍ കെ. തിലകന്‍, ജയലാല്‍ എം.ടി., ജ്യോതികുമാര്‍, കബിത മുഖോപാദ്ധ്യായ, മുരളി ടി., നിജീന നീലാംബരന്‍, രതീഷ് ടി., സാറ ഹുസൈന്‍, സിജി ആര്‍. കൃഷ്ണന്‍, സുധീഷ് കെ., സുധീഷ് കോട്ടേമ്പ്രം, സുനില്‍ കുമാര്‍ ജി., ഉസ്മാന്‍ പി. തുടങ്ങിയ 15 പ്രമുഖ ചിത്രകാരന്മാര്‍ പങ്കെടുക്കും.
    'പന്തിഭോജനം' എന്ന വിപ്ലവകരമായ സാമൂഹ്യ ഇടപെടലിന്റെ നൂറാം വര്‍ഷമാണ് നാം പിന്നിടുന്നത്. ഈ സന്ദര്‍ഭത്തില്‍, ജാതീയതക്കെതിരായ അതിനിശിതമായ ചെറുത്ത് നില്‍പ്പ് എന്ന നിലയില്‍ കൂടി പരിഗണിക്കേണ്ടുന്ന പന്തിഭോജനം യാഥാസ്ഥിതികന്മാര്‍ക്ക് ഏറ്റ കനത്ത പ്രഹരം കൂടിയായിരുന്നു.
    എന്നാല്‍ പന്തിഭോജനത്തിന്റെ നൂറാം വര്‍ഷം പിന്നിടുമ്പോഴും ജാതീയ ചിന്തകളും അസ്പൃശ്യതയുടെ ലാഞ്ഛനകളും അന്ധവിശ്വാസങ്ങളിലൂടെയും അനാചാരങ്ങളിലൂടെയും പിന്നെയും കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ മനുഷ്യസ്‌നേഹത്തിന്റെ സമുന്നതമായ ദര്‍ശനം ഉയര്‍ത്തിപിടിക്കാന്‍ കൂടി പാകത്തിലാണ് ലളിതകലാ അക്കാദമി
'പന്തിഭോജനം' എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
    സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, ട്രഷറര്‍ വി.ആര്‍. സന്തോഷ്, നിര്‍വ്വാഹക സമിതി അംഗങ്ങളായ കവിത ബാലകൃഷ്ണന്‍, ശ്രീജ പള്ളം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.