ചിത്രച്ചന്ത

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ദര്‍ബാര്‍ഹാള്‍ മൈതാനിയില്‍ ഓണം പ്രമാണിച്ച് ഇതാദ്യമായി ഒരു “ചിത്രച്ചന്ത” നടത്തുന്നു. കലാസ്വാദകര്‍ക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങള്‍  തിരഞ്ഞെടുക്കാനും സ്വന്തമാക്കാനുമുളള അവസരമൊരുക്കുന്ന “ചിത്രച്ചന്ത” സെപ്റ്റംബര്‍ 22 മുതല്‍ 25 വരെയുളള നാലു ദിവസങ്ങളിലാണ് നടക്കുക.
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുളള ചിത്രകാരന്‍മാര്‍ക്കും ചിത്രകാരികള്‍ക്കും തങ്ങളുടെ  കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാം. പ്രകൃതിദൃശ്യങ്ങളും, ചുമര്‍ചിത്രങ്ങളും ഉള്‍പ്പെടെ  സമകാലീന കലാശൈലിയിലുളള വൈവിദ്ധ്യമാര്‍ന്ന കലാസൃഷ്ടികള്‍ (ചിത്രങ്ങള്‍, ഡ്രോയിങ്ങുകള്‍, ഗ്രാഫിക് പ്രിന്റുകള്‍ എന്നിവ മാത്രം.) വില്‍പ്പനയിലുണ്ടാകും. ഓരോ ചിത്രകാരനും 36 ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള സ്റ്റാളുകളാണു ലഭിക്കുക. ചിത്രങ്ങള്‍ ഇഷ്ടമുളള വിലയ്ക്ക് വില്‍ക്കാം.  ചിത്രച്ചന്തയില്‍ പങ്കെടുത്ത് സ്വന്തം ചിത്രങ്ങള്‍ വിറ്റഴിക്കാന്‍ താത്പര്യമുളള കലാകാരീ - കലാകാരന്മാര്‍ ആയിരം രൂപയ്ക്കുളള ഡിമാന്‍ഡ് ഡ്രാഫ്ട് സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍- 20 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 15നു മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്റെ എണ്ണവും സ്റ്റാളിന്റെ ലഭ്യതയുമനുസരിച്ച് സ്റ്റാളുകള്‍ അനുവദിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടാത്തവരുടെ ഡി ഡി തിരികെ നല്‍കുന്നതാണ്. ഈ വിവരം അറിയിക്കുന്നതിന് താങ്കളുടെ മൊബൈല്‍ ഫോണ്‍ നമ്പറും, ഇ-മെയില്‍ വിലാസവും കൂടി അപേക്ഷയോടൊപ്പം അയയ്ക്കണം.
കലാകാരീ - കലാകാരന്മാര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ വിറ്റഴിക്കുവാനുളള ഈ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.