ചിത്രച്ചന്തയില്‍ നൂറോളം കലാകാരന്മാരുടെ വൈവിധ്യമാര്‍ന്ന കലാസൃഷ്ടികള്‍

ചിത്രകാരന്മാര്‍ക്കും ചിത്രകാരികള്‍ക്കും തങ്ങളുടെ കലാസൃഷ്ടികള്‍ വിറ്റഴിക്കുന്നതിന് കേരള ലളിതകലാ അക്കാദമി കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഇതാദ്യമായി ഓണചിത്രച്ചന്ത നടത്തുന്നു. 2013
സെപ്തംബര്‍ 25 വൈകീട്ട് 5 മണിക്ക് ചിത്രച്ചന്തയുടെ ഉദ്ഘാടനം നടക്കും. സെപ്തംബര്‍ 28 രാത്രി 7 മണിക്ക് സമാപിക്കും.
പ്രത്യേകം കെട്ടിയുണ്ടാക്കുന്ന സ്റ്റാളുകളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാര്‍ക്ക് തങ്ങളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാം. കലാസ്വാദകര്‍ക്ക് തങ്ങള്‍ക്ക് അനുയോജ്യമായ ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് വാങ്ങാം. ലക്ഷങ്ങള്‍ നല്കി കലാസൃഷ്ടികള്‍ വാങ്ങി വെക്കാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് തങ്ങള്‍ക്ക് അനുയോജ്യമായ വിലക്കുള്ള ചിത്രങ്ങള്‍ വാങ്ങാനുള്ള അപൂര്‍വ്വ അവസരമാണിത്. വൈവിധ്യമാര്‍ന്ന വലിയ ഒരു ചിത്രശേഖരം തന്നെ ഇവിടെ ഉണ്ടാകും.
പങ്കെടുക്കുന്ന കലാകാരന്മാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നേരത്തെ 22ന് നിശ്ചയിച്ച ചിത്രച്ചന്തയുടെ ഉദ്ഘാടനം 25ലേക്ക് മാറ്റിയത്. ചിത്രച്ചന്തയില്‍ പങ്കെടുത്ത് സ്വന്തം ചിത്രങ്ങള്‍ വിറ്റഴിക്കാന്‍ താല്പര്യമുളള കലാകാരീ - കലാകാരന്മാര്‍ ആയിരം രൂപയ്ക്കുളള ഡിമാന്‍ഡ് ഡ്രാഫ്ട് സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍- 20 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 20നു മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്റെ എണ്ണവും സ്റ്റാളിന്റെ ലഭ്യതയുമനുസരിച്ച് സ്റ്റാളുകള്‍ അനുവദിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടാത്തവരുടെ ഡി ഡി തിരികെ നല്‍കുന്നതാണ്. ഈ വിവരം അറിയിക്കുന്നതിന് തങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പറും, ഇ-മെയില്‍ വിലാസവും കൂടി അപേക്ഷയോടൊപ്പം അയയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് അക്കാദമി വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, ഫോണ്‍ മുഖേന ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. (ഫോണ്‍ : 0487-2333773)