കേരള ലളിതകലാ അക്കാദമി 2020ലെ ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

കേരള ലളിതകലാ അക്കാദമി
2020ലെ ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

    ചിത്ര-ശില്പ കലാരംഗത്തെ പ്രശംസനീയ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ലളിതകലാ അക്കാദമി നല്‍കുന്ന ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. 75,000/- രൂപയും പ്രശസ്തിപത്രവും, ശില്പവും അടങ്ങുന്ന ഫെല്ലോഷിപ്പ് പ്രശസ്ത ചിത്രകാരന്‍ കെ.എ. ഫ്രാന്‍സിസിനും പ്രശസ്ത ശില്പി ജി. രഘുവിനും ലഭിച്ചു.
             
കെ.എ. ഫ്രാന്‍സിസ്
    ബാലചിത്ര കലാപ്രസ്ഥാനത്തിനു തുടക്കം കുറിച്ച കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സിന്റെ സ്ഥാപകന്‍ ആര്‍ട്ടിസ്റ്റ് കെ.പി. ആന്റണി മാസ്റ്ററുടെ പുത്രനാണു ഫ്രാന്‍സിസ്. കേരള ലളിതകലാ അക്കാദമി ചെയര്‍മാനായും കേരള ചിത്രകലാ പരിഷത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരാണ്.
    കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള അവാര്‍ഡും (2014) കേരള ലളിതകലാ അക്കാദമിയുടെ പ്രകൃതി ചിത്രത്തിനുള്ള സ്വര്‍ണപ്പതക്കവും (2000) ലളിതകലാ പുരസ്‌കാരവും (2015) ലഭിച്ചു. ഇന്ത്യാഗവണ്‍മെന്റ് ഏര്‍പ്പെടുത്തുന്ന ന്യൂസ് പേപ്പര്‍ ലേഔട്ട് ഡിസൈന്‍ അവാര്‍ഡ് മലയാളത്തിന് ആദ്യമായി നേടിക്കൊടുത്തു (1970). ഇന്ത്യന്‍ ബാങ്കിന്റെ സൗണ്ട് ഓഫ് മ്യൂസിക് അഖിലേന്ത്യാ കളറിങ് മത്സരത്തില്‍ ഒന്നാം സമ്മാനം (1963). പത്ര ഉടമകളുടെ ലോകസഘടനയായ വാന്‍-ഇഫ്രായുടെ അവാര്‍ഡുകള്‍, വെനീസ്, ഫ്‌ളോറന്‍സ് ആര്‍ട് ബിനാലെകള്‍ എന്നിവയില്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായിരുന്നു. കേന്ദ്ര ലളിത്കലാ അക്കാദമി മണിപ്പൂരില്‍ നടത്തിയ ദേശീയ ചിത്രകലാ ക്യാമ്പ് ഉള്‍പ്പെടെ ഒട്ടേറെ ആര്‍ട് ക്യാമ്പുകളില്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏകാംഗ ചിത്രപ്രദര്‍ശനവും ഗ്രൂപ്പ് പ്രദര്‍ശനങ്ങളും നടത്തി. ഇന്ദിരാഗാന്ധി നാഷനല്‍ കള്‍ച്ചറല്‍ സെന്ററിന്റെ സ്‌കോളര്‍ഷിപ്പോടെ ഡല്‍ഹിയില്‍ വിപുലമായ താന്ത്രിക് ചിത്രപ്രദര്‍ശനം നടത്തി.
    അഞ്ചു വിദേശഭാഷകളിലേക്കും നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്ത 'ദ എസ്സെന്‍സ് ഓഫ് ഓം' ഉള്‍പ്പെടെ 20 പുസ്തകങ്ങളുടെ രചിയിതാവ്. അദ്ദേഹം എഴുതിയ ജീവചരിത്ര പുസ്തകങ്ങള്‍ കേരള സര്‍വകലാശാലയിലും കാലിക്കറ്റ് സര്‍വകലാശാലയിലും പാഠപുസ്തകമാക്കിയിട്ടുണ്ട്. കേരള  കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു.   
    കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ നിര്‍വാഹകസമിതി അംഗം, ടൂറിസം വകുപ്പിന്റെ ക്ലിന്റ് സ്മാരക ഇന്റര്‍നാഷണല്‍ പെയിന്റിംഗ് മത്സരക്കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.   
    കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ സ്മാരകമായി അദ്ദേഹത്തിന്റെ ജന്മനാടായ കായംകുളത്ത് ഇന്ത്യയിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ മ്യൂസിയം, ലോകത്തെവിടെയുമുള്ള കലാകാരന്മാര്‍ക്കു പ്രയോജനപ്പെടുത്താവുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരത്തു നിര്‍മിച്ച റസിഡന്‍ഷ്യല്‍ ആര്‍ട്ടിസ്റ്റ്‌സ് സ്റ്റുഡിയോ, കിളിമാനൂരിലെ രാജാ രവിവര്‍മ ചിത്രസ്മൃതി സ്മാരകം എന്നീ അക്കാദമി സ്ഥാപനങ്ങള്‍ അദ്ദേഹം കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ ആയിരുന്ന കാലഘട്ടത്തിലാണ് സ്ഥാപിക്കപ്പെട്ടത്. കോഴിക്കോട് ശില്‍പനഗരമായും കോട്ടയം ചുമര്‍ചിത്ര നഗരമായും പാലക്കാട് കോട്ടമൈതാനി ശില്‍പ പാര്‍ക്കായും പരിവര്‍ത്തനപ്പെടുത്തിയതും അദ്ദേഹം അക്കാദമി ചെയര്‍മാന്‍ ആയിരുന്ന സമയത്തായിരുന്നു. കേരളത്തിലെ പ്രഥമ ചിത്രലേലം തിരുവനന്തപുരം ടാജ് ഹോട്ടലില്‍ നടത്തിയതിന്റെ മുഖ്യസംഘാടകനും അദ്ദേഹം തന്നെ. മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍ തൃശൂരിലെ ചിത്രകലാ പഠനകാലത്തു വരച്ച ഒരു ചിത്രം അന്ന് 5 ലക്ഷത്തിലേറെ രൂപയ്ക്കാണു ലേലത്തില്‍ പോയത്.

ജി. രഘു
1959ല്‍ കിളിമാനൂരില്‍ ജനിച്ച ജി. രഘു തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും ശില്പകലയില്‍ ബിരുദം നേടി. പഠനസമയത്ത് കൂടുതലും കല്ലിലാണ് ശില്പങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. കോളേജില്‍ അവസാനവര്‍ഷം രൂപാങ്കര്‍ മ്യൂസിയം ഭാരത് ഭവന്‍ ഭോപ്പാലില്‍ സംഘടിപ്പിച്ച ഒരു നാഷണല്‍ സ്റ്റുഡന്‍സ് ക്യാമ്പില്‍ പങ്കെടുക്കുകയും അവിടെ വെച്ച് മ്യൂസിയം ഡയറക്ടറായിരുന്ന ജെ. സ്വാമിനാഥന്‍ അദ്ദേഹത്തിന്റെ ശില്പകലാ നൈപുണ്യം മനസ്സിലാക്കി ഭാരത് ഭവനില്‍ 2 വര്‍ഷത്തെ സ്‌ക്കോളര്‍ഷിപ്പ് നല്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ഭാരത് ഭവനില്‍ 15 വര്‍ഷത്തോളം വര്‍ക്ക് ചെയ്തു. ആ സമയത്താണ് അദ്ദേഹം സിറാമിക്കിലും ടെറാകോട്ടയിലും ശില്പങ്ങള്‍ ചെയ്യുവാന്‍ തുടങ്ങിയത്. തുടര്‍ന്നങ്ങോട്ടുള്ള ശില്പനിര്‍മ്മാണത്തില്‍ ഈ മാധ്യമത്തിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം കാണാം. ദ്രവീഡിയനും ആഫ്രിക്കനുമായ മുഖസാമ്യമുള്ള മനുഷ്യ മുഖങ്ങളാണ് അദ്ദേഹത്തിന്റെ ശില്പങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഗ്രാമീണ കാഴ്ചകളാണ് കൂടുതലായും ജി. രഘുവിന്റെ ശില്പങ്ങളില്‍ വിഷയങ്ങളായി തീര്‍ന്നിട്ടുള്ളത്. 1988 മുതല്‍ അദ്ദേഹം നിരവധി ഏകാംഗ പ്രദര്‍ശനങ്ങള്‍, സംഘ പ്രദര്‍ശനങ്ങള്‍ എന്നിവയില്‍ സജീവമായി സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 1978ലും 1988ലും അദ്ദേഹത്തിന് ഭാരത് ഭവന്‍ സംഘടിപ്പിച്ച ഇീിലോുീൃമൃ്യ കിറശമി അൃ േആശിിമഹല അവാര്‍ഡ് ലഭിക്കുകയുണ്ടായി. കൂടാതെ 1998ല്‍ ബോംബെ ആര്‍ട്ട് സൊസൈറ്റി അവാര്‍ഡും ലഭിച്ചു. ഇപ്പോള്‍ അദ്ദേഹം ബാംഗ്ലൂരില്‍ താമസിച്ച് തന്റെ കലാസപര്യ തുടരുന്നു.