കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്‌പ പുരസ്‌ക്കാരങ്ങള്‍ - 2015

കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്‌പ പുരസ്‌ക്കാരങ്ങള്‍ - 2015

മികച്ച കലാസൃഷ്ടികള്‍ക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന ചിത്ര-ശില്‌പ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം കലാപ്രദര്‍ശനത്തില്‍ പങ്കെടുക്കുവാനും മത്സരത്തിനുമായി പെയ്‌ന്റിങ്‌, ശില്‌പം എന്നീ വിഭാഗങ്ങളില്‍ നിന്ന്‌ അപേക്ഷിച്ച 635 കലാകാരീകലാകാരന്മാരില്‍ നിന്ന്‌ പ്രാഥമിക മൂല്യ നിര്‍ണ്ണയത്തില്‍ സംസ്ഥാന പ്രദര്‍ശനത്തിന്‌ തിരഞ്ഞെടുക്കപ്പെട്ട 229 കലാകാരീകലാകാരന്മാരുടെ 229 കലാസൃഷ്ടികളാണ്‌ പുരസ്‌ക്കാരങ്ങള്‍ക്ക്‌ പരിഗണിക്കപ്പെട്ടത്‌. ചിത്ര-ശില്‌പ വിഭാഗത്തില്‍ 25,000/- രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന അഞ്ച്‌ സംസ്ഥാന അവാര്‍ഡുകളും (State Award), 10,000/- രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന അഞ്ച്‌ ഓണറബിള്‍ മെന്‍ഷന്‍ (Honourable Mention) അവാര്‍ഡുകളും, കലാവിദ്യാര്‍ത്ഥികള്‍ക്ക്‌ 5,000/- രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന അഞ്ച്‌ സ്‌പെഷ്യല്‍ മെന്‍ഷന്‍ (Special Mention) അവാര്‍ഡുകളുമാണ്‌ നല്‍കുന്നത്‌. ചിത്ര-ശില്‌പ വിഭാഗത്തില്‍ മികച്ച ഛായാചിത്രത്തിന്‌ ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ്‌ സ്വര്‍ണ്ണമെഡലും മികച്ച ഭൂഭാഗചിത്രത്തിന്‌ വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ്‌ സ്വര്‍ണ്ണമെഡലും നല്‍കുന്നു.

ചിത്ര-ശില്‌പ വിഭാഗങ്ങളില്‍ മുഖ്യ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ക്ക്‌ താഴെ പറയുന്ന കലാകാരന്മാര്‍ അര്‍ഹരായിരിക്കുന്നു. 25,000/- രൂപയും ബഹുമതി പത്രവും അടങ്ങിയതാണ്‌ ഈ പുരസ്‌ക്കാരം.

പ്രജിത്‌ ഇ. (ചിത്രം) : ശീര്‍ഷകമില്ല (Triptych)
എന്‍. ബാലമുരളികൃഷ്‌ണന്‍ (ചിത്രം) : ശീര്‍ഷകമില്ല
സന്തോഷ്‌ മിത്ര (ചിത്രം) : ഭൂമിയുടെ അവകാശികള്‍
ജയേഷ്‌ കെ.കെ. (വുഡ്‌കട്ട്‌ ഗ്രാഫിക്‌സ്‌) : ബേപ്പൂര്‍ സുല്‍ത്താനും പാത്തുമ്മായുടെ ആടും
സജികുമാര്‍ വി.പി. (ശില്‌പം) : ടെന്‍ തൗസന്റ്‌ ഫയര്‍ പോയിന്റ്‌

ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരം (Honourable Mention) 10,000/- രൂപയും ബഹുമതിപത്രവും താഴെപ്പറയുന്ന അഞ്ച്‌ കലാകാരീകലാകാരന്മാര്‍ക്ക്‌ ലഭിച്ചു.

ടി.കെ. അനില്‍ (ചിത്രം) : ഫ്‌ളവര്‍
ടി.എസ്‌. പ്രസാദ്‌ (ചിത്രം) : അറൗണ്ട്‌ മി
ഹരീന്ദ്രന്‍ ചാലാട്‌ (ചിത്രം) : ദ അണ്‍എന്റിങ്‌ ഡെസ്റ്റിനേഷന്‍
ബൈജു പി.കെ. (ചിത്രം) : കിസ്‌ ഓഫ്‌ സ്‌കീം
പ്രസാദ്‌ കുമാര്‍ കെ.എസ്‌. (റിലീഫ്‌ ശില്‌പം) : ശീര്‍ഷകമില്ല

കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള 5,000/- രൂപയുടെ പ്രത്യേക പുരസ്‌ക്കാരവും (Special Mention) ബഹുമതി പത്രവും വിവിധ കലാലയങ്ങളില്‍ നിന്നുള്ള അഞ്ച്‌ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ലഭിച്ചത്‌.

ശിവജി ആര്‍. (ശില്‌പം) - ഡോഗ്‌
(ഗവ. കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സ്‌, തിരുവനന്തപുരം)
മുഹമ്മദ്‌ റിയാസ്‌ കെ.എ. (ചിത്രം) - നാച്വര്‍ സ്റ്റഡി
(ഗവ. കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സ്‌, തിരുവനന്തപുരം)
ദീപ കെ. (ഡ്രോയിംഗ്‌) - മര്‍ഡര്‍
(ഗവ. കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സ്‌, തൃശ്ശൂര്‍)
സനോജ്‌ എസ്‌.എസ്‌. (ചിത്രം) - ശീര്‍ഷകമില്ല
(രാജാ രവിവര്‍മ്മ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സ്‌, മാവേലിക്കര)
ജോബിന്‍ തോമസ്‌ (ചിത്രം) - ശീര്‍ഷകമില്ല
(ആര്‍.എല്‍.വി. കോളേജ്‌ ഓഫ്‌ മ്യൂസിക്‌ ആന്റ്‌ ഫൈന്‍ ആര്‍ട്‌സ്‌, തൃപ്പൂണിത്തുറ)

മികച്ച ഭൂഭാഗ/ഛായാ ചിത്രം വിഭാഗത്തില്‍ വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ്‌ സ്വര്‍ണ്ണ മെഡല്‍ നേടിയിരിക്കുന്നത്‌ വിബിന്‍ റാഫേല്‍ രചിച്ച സാറ (പോട്രേറ്റ്‌) എന്ന ചിത്രമാണ്‌. കൂടാതെ മികച്ച പ്രകൃതിദൃശ്യ ചിത്രത്തിനുള്ള വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ്‌ സ്വര്‍ണ്ണ മെഡല്‍ ഷജിത്ത്‌ ആര്‍.ബിയുടെ ആഫ്‌റ്റര്‍ റെയിന്‍*12 എന്ന കലാസൃഷ്ടിക്കും ലഭിച്ചു.

ചിത്ര-ശില്‌പ വിഭാഗത്തിന്റെ വിധി കര്‍ത്താക്കള്‍ പ്രശസ്‌തരായ ഡി.എല്‍.എന്‍. റെഡ്ഡി (സെക്കന്തരാബാദ്‌), ശ്രീ. രാജശേഖരന്‍ നായര്‍ (ബറോഡ), പ്രൊഫ. കെ.കെ. രാജപ്പന്‍ (തിരുവനന്തപുരം) എന്നിവരായിരുന്നു.

മുഖ്യ അവാര്‍ഡുകള്‍ നേടിയ കലാകാരന്മാര്‍
പ്രജിത്‌ ഇ.
1993-ല്‍ തലശ്ശേരിയിലാണ്‌ പ്രജിത്തിന്റെ ജനനം. തൃശ്ശൂര്‍ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രജിത്തിന്റെ ശീര്‍ഷകമില്ലാത്ത (ട്രിപ്‌റ്റിച്ച്‌) ചിത്രത്തിനാണ്‌ 25,000 രൂപയുടെ മുഖ്യപുരസ്‌കാരം ലഭിച്ചിട്ടുള്ളത്‌. ജലച്ചായവും ചാര്‍ക്കോളും ഉപയോഗിച്ചാണ്‌ ചിത്രം രചിച്ചിട്ടുള്ളത്‌. ജീവിത യാഥാര്‍ത്ഥ്യങ്ങളിലെ വൈരുദ്ധ്യങ്ങളും സങ്കീര്‍ണ്ണതകളുമാണ്‌ തന്റെ സമീപകാലങ്ങളിലെ ചിത്രങ്ങളില്‍ എന്ന്‌ പ്രജിത്‌ സൂചിപ്പിക്കുന്നു.

എന്‍. ബാലമുരളീകൃഷ്‌ണന്‍
ചെട്ടിക്കുളങ്ങര സ്വദേശിയായ എന്‍. ബാലമുരളീകൃഷ്‌ണന്‍ 1963ലാണ്‌ ജനിച്ചത്‌. മാവേലിക്കര രാജാ
രവിവര്‍മ്മ കോളേജില്‍ നിന്നും ചിത്രകലയില്‍ നാഷണല്‍ ഡിപ്ലോമ ലഭിച്ച അദ്ദേഹം അക്കാദമി മുന്‍ നിര്‍വ്വാഹക സമിതി അംഗമായിരുന്നു. മുന്‍പ്‌ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചിട്ടുള്ള അദ്ദേഹം അക്കാദമി വിവിധ കാലഘട്ടങ്ങളില്‍ സംഘടിപ്പിച്ച ദേശീയ സംസ്ഥാന കലാ
ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ശീര്‍ഷകമില്ലാത്ത അക്രിലിക്‌ ക്യാന്‍വാസ്‌ ചിത്രത്തിനാണ്‌ മുഖ്യപുരസ്‌കാരം ലഭിച്ചിട്ടുള്ളത്‌.
ടി. സന്തോഷ്‌ മിത്ര
1968-ല്‍ തൃശ്ശൂരിലാണ്‌ സന്തോഷ്‌ മിത്രയുടെ ജനനം. തൃശ്ശൂര്‍ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സില്‍ നിന്ന്‌ നാഷണല്‍ ഡിപ്ലോമ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്‌ മുന്‍പ്‌ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. അക്കാദമിയുടെ നിരവധി കലാ ക്യാമ്പുകളിലും പ്രദര്‍ശനങ്ങളിലും പങ്കെടുത്തിട്ടുള്ള സന്തോഷ്‌ മിത്രയുടെ ഭൂമിയുടെ അവകാശികള്‍ എന്ന മിക്‌സഡ്‌ മീഡിയ ചിത്രത്തിനാണ്‌ മുഖ്യപുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത്‌. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ ഫോട്ടോഗ്രാഫി യൂണിറ്റില്‍ ആര്‍ട്ടിസ്റ്റ്‌ ഫോട്ടോഗ്രാഫറായി അദ്ദേഹം സേവനമനുഷ്‌ഠിക്കുന്നു.
ജയേഷ്‌ കെ.കെ.
ജയേഷ്‌ കെ.കെ. കോഴിക്കോട്‌ ജില്ലയിലെ കൊയ്‌ലാണ്ടി സ്വദേശിയാണ്‌. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും ബി. എഫ്‌. എ. പെയിന്റിംഗില്‍ ഒന്നാം റാങ്കോടെ ബിരുദം ലഭിച്ച അദ്ദേഹം ഇപ്പോള്‍ ആര്‍. എല്‍. വി. കോളേജില്‍ അവസാന വര്‍ഷ എം. എഫ്‌. എ. പെയിന്റിംഗ്‌ വിദ്യാര്‍ത്ഥിയാണ്‌. കേരള സര്‍ക്കാരിന്റെ നര്‍ച്ചര്‍ സ്‌കോളര്‍ഷിപ്പ്‌ നേടിയിട്ടുണ്ട്‌. വുഡ്‌ കട്ട്‌, പെയിന്റിംഗ്‌ തുടങ്ങിയവയില്‍ വര്‍ക്ക്‌ ചെയ്യുന്ന ജയേഷിന്റെ ബേപ്പൂര്‍ സുല്‍ത്താനും പാത്തുമ്മായുടെ ആടും എന്ന വുഡ്‌കട്ടിനാണ്‌ ഇക്കുറി 25,000/- രൂപയുടെ മുഖ്യപുരസ്‌കാരം ലഭിച്ചിട്ടുള്ളത്‌.
സജികുമാര്‍ വി.പി.
ആലപ്പുഴ സ്വദേശിയായ സജികുമാര്‍ വി.പി.യുടെ ടെന്‍ തൗസന്റ്‌ ഫയര്‍ പോയിന്റ്‌ എന്ന ശില്‌പമാണ്‌ ഇദ്ദേഹത്തിനെ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌.

ഏപ്രില്‍ 18ന്‌ എറണാകുളം ദര്‍ബാര്‍ ഹാളില്‍ ബഹു: സാംസ്‌കാരിക വകുപ്പ്‌ മന്ത്രി ശ്രീ. കെ.സി. ജോസഫ്‌ അവാര്‍ഡ്‌ സമ്മാനിക്കും.