കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്പ പുരസ്‌ക്കാരങ്ങള്‍ - 2017-18

കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്പ
പുരസ്‌ക്കാരങ്ങള്‍ - 2017-18

മികച്ച കലാസൃഷ്ടികള്‍ക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന
ചിത്ര-ശില്പ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം കലാപ്രദര്‍ശനത്തില്‍ പങ്കെടുക്കുവാനും മത്സരത്തിനുമായി പെയ്ന്റിങ്, ശില്പം എന്നീ വിഭാഗങ്ങളില്‍ നിന്ന് അപേക്ഷിച്ച 505 കലാകാരീ കലാകാരന്മാരില്‍ നിന്ന് പ്രാഥമിക മൂല്യ നിര്‍ണ്ണയത്തില്‍ സംസ്ഥാന പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെട്ടത് 158 കലാകാരീകലാകാരന്മാരുടെ കലാസൃഷ്ടികളാണ്. ഇതില്‍ 150 കലാസൃഷ്ടികളാണ് പുരസ്‌ക്കാരങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടത്. ചിത്ര-ശില്പ വിഭാഗത്തില്‍ 50,000/- രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്ന അഞ്ച് സംസ്ഥാന അവാര്‍ഡുകളും (State Award), 25,000/- രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അഞ്ച് ഓണറബിള്‍ മെന്‍ഷന്‍ (Honourable Mention) അവാര്‍ഡുകളും, കലാവിദ്യാര്‍ത്ഥികള്‍ക്ക് 10,000/- രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അഞ്ച് സ്‌പെഷ്യല്‍ മെന്‍ഷന്‍ (Special Mention) അവാര്‍ഡുകളുമാണ് നല്‍കുന്നത്. കൂടാതെ മികച്ച ഛായാചിത്രത്തിന് ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണമെഡലും മികച്ച ഭൂഭാഗചിത്രത്തിന് വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണമെഡലും നല്‍കുന്നു.

ചിത്ര-ശില്പ വിഭാഗങ്ങളില്‍ മുഖ്യ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ക്ക് താഴെ പറയുന്ന കലാകാരന്മാര്‍ അര്‍ഹരായിരിക്കുന്നു. 50,000/- രൂപയും ബഹുമതി പത്രവും മൊമന്റോയും അടങ്ങിയതാണ് ഈ പുരസ്‌ക്കാരം.

മനേഷ ദേവ ശര്‍മ    (ശില്പം)    :     ദ ട്രെയ്‌ലിംഗ് ഫോണ
ഷജിത് ആര്‍.ബി.    (ചിത്രം)    :     ലൗവര്‍*24
ഷിനോജ് ചോരന്‍    (ചിത്രം)    :     അണ്‍നോണ്‍ വിക്റ്റിംസ്
സുനീഷ് എസ്.എസ്.     (ചിത്രം)    :     ശീര്‍ഷകമില്ല
വിഷ്ണു സി.എസ്,    (വുഡ്കട്ട്)    :     ശീര്‍ഷകമില്ല

ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരം (Honourable Mention) 25,000/- രൂപയും ബഹുമതിപത്രവും താഴെപ്പറയുന്ന അഞ്ച് കലാകാരീകലാകാരന്മാര്‍ക്ക് ലഭിച്ചു.

അഖില്‍ മോഹന്‍    (ചിത്രം)    :    റൈസ് - 19
അനുപമ ഏലിയാസ്    (ചിത്രം)    :    അണ്‍ടൈറ്റില്‍ ഫ്രാന്‍ടെസ് (2)
ജയേഷ് കെ.കെ    (വുഡ്കട്ട്)    :    പൊക്കുടന്‍ - ദ മാന്യുര്‍ മാന്‍
ഡോ. കിരണ്‍ ബാബു    (ചിത്രം)    :    വാഷ്ഔട്ട്
ശ്രീകുമാര്‍ കെ.യു.    (ശില്പം)    :    ഡിറ്റേറിടോറിയലൈസേഷന്‍

കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള 10,000/- രൂപയുടെ പ്രത്യേക പുരസ്‌ക്കാരവും (Special Mention)
ബഹുമതി പത്രവും വിവിധ കലാലയങ്ങളില്‍ നിന്നുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭിച്ചത്.

ആകാശ് മേലേവീട്ടില്‍    (ചിത്രം)    -    റസ്റ്റ് III
            (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തൃശ്ശൂര്‍)
അമല്‍ പൈലി    (ചിത്രം)    -    എവിടന്‍സ്
            (രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, മാവേലിക്കര)
ജിതിന്‍ എം.ആര്‍.    (വുഡ്കട്ട്)    -    ദ സ്മയില്‍
            (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തിരുവനന്തപുരം)
മനു മോഹന്‍ പി.എം.    (ചിത്രം)    -    ചിരഞ്ജീവികള്‍
            (രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, മാവേലിക്കര)
സൂര്യനാഥ് വി.കെ.    (ശില്പം)    -    മൈ ക്രിമേറ്റഡ് അഡോളസെന്‍സ്
            (ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, കാലടി)

മികച്ച ഭൂഭാഗ/ഛായാ ചിത്രം വിഭാഗത്തില്‍ ‘വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍’ നേടിയിരിക്കുന്നത് പ്രശാന്ത് ഒളവിലം രചിച്ച പോര്‍ട്രേറ്റ് (നമ്പൂതിരി) എന്ന ചിത്രമാണ്. കൂടാതെ മികച്ച പ്രകൃതിദൃശ്യ ചിത്രത്തിനുള്ള ‘വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍’ സുനില്‍ ലിനസ് ഡെയുടെ 'നോസ്റ്റാള്‍ജിയ - 2' എന്ന ജലച്ചായചിത്രത്തിനും ലഭിച്ചു.

ചിത്ര-ശില്പ വിഭാഗത്തിന്റെ വിധി കര്‍ത്താക്കള്‍ പ്രശസ്തരായ എന്‍.കെ.പി. മുത്തുകോയ (ഉത്തര്‍പ്രദേശ്്), ശ്രീ. രാജശേഖരന്‍ നായര്‍ (ചെന്നൈ), പ്രൊഫ. ശിവജി പണിക്കര്‍ (ഡല്‍ഹി) എന്നിവരായിരുന്നു.

മുഖ്യ അവാര്‍ഡുകള്‍ നേടിയ കലാകാരന്മാര്‍

മനേഷ ദേവ ശര്‍മ
തൃപ്പൂണിത്തുറ സ്വദേശി. കൊമേഴ്‌സിലും നിയമത്തിലും ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ (ശില്പകല) ബിരുദാനന്തര ബിരുദം നേടി. നിരവധി എക്‌സിബിഷനുകള്‍ ഇന്ത്യയിലെ വിവിധ വിവിധ ഗ്യാലറികളില്‍ നടത്തിയിട്ടുണ്ട്. 2007ല്‍ രാംകിങ്കര്‍ ബുക്ക് പ്രൈസ് അവാര്‍ഡ് ലഭിച്ചു. വിശ്വഭാരതി യൂണിവേഴ്‌സിറ്റിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പും ലളിതകലാ അക്കാദമിയുടെ സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. 2010ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക മന്ത്രാലയം ജൂനിയര്‍ ഫെല്ലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചു. 'ദ ട്രെയ്‌ലിംഗ് ഫോണ'  എന്ന ചിത്രമാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്.

ഷജിത് ആര്‍.ബി.
കൊല്ലം സ്വദേശിയായ ഷജിത് ആര്‍.ബിയുടെ ജനനം 1981ല്‍ ആണ്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും പെയിന്റിംഗില്‍ ബിരുദം നേടി. 2015ല്‍ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്‌ക്കാരം നേടിയിട്ടുണ്ട്. 1997 മുതല്‍ എക്‌സിബിഷനുകള്‍ നടത്തി വരുന്ന ഷജിത്തിന്റെ ചിത്രങ്ങള്‍ വിദേശത്തും ന്യൂഡല്‍ഹി നാഷണല്‍ കോളേജ് ഓഫ് ആര്‍ട്‌സിന്റെയും എയര്‍ഇന്ത്യയുടെയും ശേഖരങ്ങളില്‍ ഉണ്ട്. 'ലൗവ്*24' എന്ന ചിത്രമാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്.

ഷിനോജ് ചോരന്‍
1987ല്‍ കണ്ണൂരില്‍ ജനിച്ച ഷിനോജ് തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ നിന്നും പെയിന്റിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. നിരവധി ക്യാമ്പുകളിലും എക്‌സിബിഷനുകളിലും പങ്കെടുത്തിട്ടുള്ള ഷിനോജിന് കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്‌ക്കാരം 2013ല്‍ ലഭിച്ചിട്ടുണ്ട്. 2014ല്‍ മഹാരാഷ്ട്രയിലെ അഖില ഭാരതീയ നാഗരിക് വികാസ് കേന്ദ്രയുടെ ബെസ്റ്റ് ടീച്ചര്‍ പുരസ്‌ക്കാരവും, ഗുജറാത്തിലെ കനോറിയ സെന്റര്‍ ഫോര്‍ ആര്‍ട്‌സിന്റെ സ്റ്റുഡിയോ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. കേന്ദ്ര ലളിത്കലാ അക്കാദമിയുടെ നാഷണല്‍ റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് നേടിയിട്ടുള്ള അദ്ദേഹത്തിന്റെ 'അറിയപ്പെടാത്ത ഇരകള്‍ ക' എന്ന ജലച്ചായ ചിത്രമാണ് ഷിനോജിനെ സംസ്ഥാന പുരസ്‌ക്കാര ജേതാവാക്കിയത്.

സുനീഷ് എസ്.എസ്.
1990ല്‍ ജനിച്ച സുനീഷിന്റെ സ്വദേശം തൃശൂര്‍ ജില്ലയിലെ കുന്നംകുളമാണ്. തൃശൂര്‍ ഗവ: ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും പെയിന്റിംഗില്‍ ബിരുദം നേടിയ ശേഷം, പശ്ചിമ ബംഗാളിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി. കേരള ലളിതലാ അക്കാദമിയുടെ 2013ലെ സ്‌പെഷ്യല്‍ മെന്‍ഷന്‍ പുരസ്‌ക്കാരം നേടിയ സുനീഷ് പ്രഫുല്ല ധനുക്കര്‍ ആര്‍ട്ട് ഫൗണ്ടേഷന്റെ ഓള്‍ ഇന്ത്യ ബ്രോണ്‍സ് അവാര്‍ഡും, സൗത്ത് സിറ്റി അവാര്‍ഡും നേടിയിട്ടുണ്ട്. ശീര്‍ഷകമില്ലാത്ത ചിത്രമാണ് അദ്ദേഹത്തെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.

വിഷ്ണു സി.എസ്.
ആലപ്പുഴ സ്വദേശിയായ വിഷ്ണുവിന്റെ ജനനം 1997ലാണ്. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ നിന്നും ബി.എഫ്.എ. നേടി. 2016-17ല്‍ അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിക്കപ്പെട്ട പ്രിന്റ് മേക്കിങ് ഷോയില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം 2016-17ല്‍ അക്കാദമിയുടെ പ്രദര്‍ശനത്തിലും പങ്കെടുത്തിട്ടുണ്ട്. വിഷ്ണുവിന്റെ ശീര്‍ഷകമില്ലാത്ത ചിത്രത്തിനാണ് സംസ്ഥാനപുരസ്‌ക്കാരം.

എന്‍.കെ.പി. മുത്തുകോയ, രാജശേഖരന്‍ നായര്‍, പ്രൊഫ. ശിവജി പണിക്കര്‍ എന്നിവരടങ്ങിയ
ജൂറി കമ്മിറ്റിയാണ് പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്.