കേരള ലളിതകലാ അക്കാദമിയുടെ 2016ലെ സംസ്ഥാന കലാപ്രദര്‍ശനത്തിനും പുരസ്ക്കാരങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെടുവാനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. പെയ്ന്റിങ്ങ്, ഡ്രോയിങ്ങ്, ഗ്രാഫിക് പ്രിന്റ്, ശില്പം എന്നീ വിഭാഗങ്ങളില്‍ വരുന്ന കലാസൃഷ്ടികളാണ് വാര്‍ഷിക പ്രദര്‍ശനത്തിനും പുരസ്ക്കാരത്തിനും പരിഗണിക്കുക.
അഞ്ച് മുഖ്യ പുരസ്ക്കാരങ്ങള്‍ക്ക് പുറമെ അഞ്ച് വീതം ഓണറബിള്‍ മെന്‍ഷന്‍ പുരസ്ക്കാരങ്ങളും, സ്പെഷ്യല്‍ മെന്‍ഷന്‍ പുരസ്ക്കാരങ്ങളും (കലാവിദ്യാര്‍ത്ഥികള്‍ക്ക്) നല്കുന്നു. മികച്ച പ്രകൃതിചിത്രങ്ങള്ക്കും ഛായാചിത്രങ്ങള്‍ക്കും പ്രത്യേക സ്വര്‍ണ്ണമെഡലും എന്‍ഡോവ്മെന്റുകളും നല്‍കുന്നതാണ്. പ്രദര്‍ശനത്തിന് സമര്‍പ്പിക്കുന്ന കലാസൃഷ്ടികളില്‍ നിന്നാണ് പുരസ്ക്കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്നത്.
സംസ്ഥാന പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2014ന് ശേഷം രചിച്ച മൂന്ന് കലാസൃഷ്ടികളുടെ 10 ഇഞ്ച് (25 സെ.മീ.) നീളവും ആനുപാതിക വീതിയും വരുന്ന ഫോട്ടോഗ്രാഫുകള്‍, കലാസൃഷ്ടിയുടെ നീളം, വീതി (ശില്പങ്ങളുടെ കാര്യത്തില്‍ തറവിസ്താരവും ഉയരവും) മാദ്ധ്യമം, കലാസൃഷ്ടിയുടെ പേര് തുടങ്ങിയ വിശദാംശങ്ങളും, കലാകാരന്റെ ലഘുജീവചരിത്രക്കുറിപ്പും പൂര്‍ണ്ണ മേല്‍വിലാസവും (ഫോണ്‍ നമ്പറടക്കം) രേഖപ്പെടുത്തി 2015 ഡിസംബര്‍ 15.-ാം തീയതിയ്ക്കകം �സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20� എന്ന മേല്‍വിലാസത്തില്‍ അയക്കണം. കവറിനു പുറത്ത് �സംസ്ഥാന പ്രദര്‍ശനം - 2016� എന്ന് രേഖപ്പെടുത്തണം. ഫോട്ടോഗ്രാഫുകള്‍ തിരികെ ലഭിക്കുവാന്‍ സ്വന്തം മേല്‍വിലാസമെഴുതി
മതിയായ സ്റ്റാമ്പ് പതിച്ച കവര്‍ ഉള്ളടക്കം ചെയ്യേണ്ടതാണ്.
പ്രദര്‍ശനത്തിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പിനുശേഷം അര്‍ഹരായ കലാകാരന്മാരെ വിവരം അറിയിക്കുന്നതാണ്. പ്രാഥമിക തെരഞ്ഞെടുപ്പില്‍ വിജയികളായ എല്ലാവരുടെയും കലാസൃഷ്ടികള്‍ സംസ്ഥാന പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. അവര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ നിലവാരത്തോടെ ഫ്രെയിം ചെയ്ത് പ്രദര്‍ശനത്തിന് സജ്ജമായ രീതിയില്‍ 15 ദിവസത്തിനകം പൂരിപ്പിച്ച എന്‍ട്രിഫോം സഹിതം അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ എത്തിക്കണം. 2015 ജനുവരിയില്‍ 18 വയസ്സ് പൂര്‍ത്തിയായിട്ടുള്ളവരും കലാരംഗത്ത് സജീവമായിട്ടുള്ളവര്‍ക്കും മാത്രമേ സംസ്ഥാന പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തുമെങ്കിലും അവാര്‍ഡിന് പരിഗണിക്കുന്നതല്ല. സംസ്ഥാന പ്രദര്‍ശനത്തിനുള്ള അപേക്ഷ ഫോറം അക്കാദമിയുടെ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. (www.lalithkala.org)