കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് പുരസ്‌കാരം

കേരള ലളിതകലാ അക്കാദമി
ഫെല്ലോഷിപ്പ് പുരസ്‌കാരം

    തൃശൂര്‍ : 2017-ലെ കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പിന് പ്രമുഖ ചിത്രകാരന്‍ ജി. രാജേന്ദ്രനും, കലാനിരൂപകന്‍ വിജയകുമാര്‍ മേനോനും അര്‍ഹരായി. 1 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അക്കാദമി പുരസ്‌കാരം.

ജി. രാജേന്ദ്രന്‍
    തിരുവനന്തപുരത്ത് ജനനം. 1966ല്‍ തിരുവനന്തപുരം മഹാരാജാസ് സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സില്‍ നിന്നും ചിത്രകലാ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അതേ സ്ഥാപനത്തില്‍ തന്നെ ചിത്രകലാ വിഭാഗം അധ്യാപകനായി സേവനം അനുഷ്ഠിച്ചു. രണ്ട് തവണ കേരള ലളിതകലാ അക്കാദമി ഭരണ സമിതി അംഗമായും 1983ല്‍ കേന്ദ്ര ലളിതകലാ അക്കാദമിയില്‍ സംസ്ഥാന പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യരൂപരചനയില്‍ ചടുലത സക്രിയമാക്കാന്‍ എങ്ങനെ കഴിയുമെന്ന് അന്വേഷിച്ച കലാകാരനാണ് ജി. രാജേന്ദ്രന്‍. വിശേഷിച്ചും സ്ത്രീ രൂപങ്ങളുടെ പ്രയോഗവത്ക്കരണത്തില്‍ താളാത്മകതയുടെ രസതന്ത്രങ്ങള്‍ പ്രയോഗിക്കുന്നതായി കാഴ്ചക്കാരനു ബോധ്യപ്പെടുന്നു. ഏഴ് തവണ കേരള ലളിതകലാ അക്കാദമി പ്രദര്‍ശനത്തില്‍ സംസ്ഥാന അവാര്‍ഡ് നേടി. നിരവധി തവണ അക്കാദമിയുടെ സംസ്ഥാന ദേശീയ കലാക്യാമ്പുകളില്‍ പങ്കെടുത്തു. കൂടാതെ കേന്ദ്ര ലളിതകലാ അക്കാദമിയുടെ ക്യാമ്പുകളിലും സജീവ സാന്നിധ്യമായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെയും, കേന്ദ്ര ലളിതകലാ അക്കാദമിയുടെയും രാജ്യാന്തര ചിത്രശേഖരങ്ങളില്‍ ഇദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ സ്ഥാനം നേടിയിട്ടുണ്ട്. ഇപ്പോഴും ചിത്രകലയില്‍ സജീവം.

വിജയകുമാര്‍ മേനോന്‍
    എറണാകുളം ജില്ലയില്‍ എളമക്കര, ചെറ്റക്കല്‍ മഠം വീട്ടില്‍ അനന്തന്‍ പിള്ളയുടെയും കാര്‍ത്ത്യായനിഅമ്മയുടെയും മകനായി ജനനം. ബറോഡ യൂണിവേഴ്‌സിറ്റിയില്‍ നിന്നും
കലാചരിത്രത്തില്‍ എം.എ. ബിരുദം നേടി. തുടര്‍ന്ന് പല ഫൈന്‍ ആര്‍ട്‌സ് കലാലയങ്ങളിലും കലാചരിത്രം ലാവണ്യശാസ്ത്രം എന്നിവയില്‍ അധ്യാപനം. കലാവൈജ്ഞാനിക മേഖലയില്‍ മലയാളത്തിന് നിസ്തുലമായ സംഭാവനയാണ് വിജയകുമാര്‍ മേനോനില്‍ നിന്നും ഉണ്ടായിട്ടുള്ളത്. കേവലമായ കാഴ്ച വസ്തുവായി മാത്രം അവതരിക്കപ്പെട്ടുപോന്നിരുന്ന ചിത്ര-ശില്പകലയ്ക്ക് ചിത്രവായനകളുടെയും സംവാദനത്തിന്റേതുമായ പുതിയ തലമുണ്ടെന്ന് മലയാളികളെ ഓര്‍മ്മപ്പെടുത്തിയ കലാവിമര്‍ശകന്‍ കൂടിയാണ് വിജയകുമാര്‍ മേനോന്‍.
    ആധുനിക കലാദര്‍ശനം, രവിവര്‍മ്മ, ദൈവത്തായ്, ഭാരതീയ കല ഇരുപതാം
നൂറ്റാണ്ടില്‍, സ്ഥലം കാലം കല, ചിത്രകല ചരിത്രവും രീതികളും, ആധുനിക കലയുടെ ലാവണ്യതലങ്ങള്‍, ഭാരതീയ കലാചരിത്രം, A Brief Survey of the Art Scenario of Kerala, Raja Ravi Varma Classics, Kanayi Kunjiraman, Authenticating Objectivity എന്നീ കലാപഠനഗ്രന്ഥങ്ങള്‍ കൂടാതെ ലോര്‍ക്കയുടെ രക്തവിവാഹം ((Blood Wedding) ) യൊനെസ്‌കോയുടെ കസേരകള്‍ (The Chairs ) ഷെനെയുടെ വേലക്കാരികള്‍ (The Maids) ലൂയി പിരാന്‍ദല്ലൊയുടെ ഹെന്റി നാലാമന്‍ (Henry IV) എന്നീ നാടക വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുഴയുടെ നാട്ടറിവുകള്‍, കളം എന്നീ ഗ്രന്ഥങ്ങള്‍ എഡിറ്റു ചെയ്തു. കേരള ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി എന്നിവയുടെ പുരസ്‌കാരങ്ങളും സി.ജെ. സ്മാരക അവാര്‍ഡും ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.