കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്, 'ധാര' കലാപ്രദര്‍ശനം, ഏകാംഗ-ദ്വയാംഗ-സംഘ കലാപ്രദര്‍ശന ഗ്രാന്റ്, ആര്‍ട്ട് സ്റ്റുഡന്‍സ് സ്കോളര്‍ഷിപ്പ്, കെ.കരുണാകരന് സ്കോളര്‍ഷിപ്പ് എന്നിവയുടെ പ്രഖ്യാപനം ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിര്‍വ്വഹിച്ചു.
ഫെല്ലോഷിപ്പ്
ചിത്ര-ശില്പ കലാരംഗത്തെ പ്രശംസനീയ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ലളിതകലാ അക്കാദമി നല്കുന്ന ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. 75,000/- രൂപയും പ്രശസ്തിപത്രവും, സി.എന്‍. കരുണാകരന് രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്ന ഫെല്ലോഷിപ്പ് ലോക പ്രശസ്ത കലാകാരരായ പ്രഭാവതി മേപ്പയിലിനും, ഷിബു നടേശനും ലഭിച്ചു.
പ്രഭാവതി മേപ്പയില്‍ - 1965 ല്‍ ജനിച്ച മലയാളിയായ പ്രഭാവതി മേപ്പയില്‍ നിലവില്‍ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് വര്‍ക്കുകള്‍ ചെയ്യുന്നു. ദേശീയ അന്തര്‍ദേശീയതലങ്ങളില്‍ പ്രശസ്തയായ അവരുടെ ചിത്രങ്ങളിലും ശില്പങ്ങളിലും ഇന്‍സ്റ്റലേഷനുകളിലും ആര്‍ട്ടിസാന്‍ പാരമ്പര്യം അന്തര്‍ലീനമാണ്. ആധുനീക മിനിമലിസ്റ്റ്, പോസ്റ്റ് മിനിമലിസ്റ്റ് കലാസൃഷ്ടികളാല്‍ പ്രശസ്തയും വെനീസ് ബിനാലെയില്‍ പങ്കെടുത്തിട്ടുള്ളതുമായ ശ്രീമതി പ്രഭാവതി മേപ്പയിലിന്റെ ഇന്‍സ്റ്റലേഷനുകള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്. കരകൗശല സമ്പ്രദായത്തില്‍ വേരൂന്നിയ കാവ്യാത്മകതയുടെ പര്യവേക്ഷണത്തിലൂടെയാണ് ഒരു സ്വര്‍ണ്ണപ്പണിക്കാരന്റെ മകളായ മേപ്പയില്‍ കലയിലെ അമൂര്ത്തീകരണത്തിലെത്തിയത്. ഇന്ത്യയിലും വിദേശത്തുമായി ശ്രദ്ധേയമായ നിരവധി കലാ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.
ഷിബു നടേശന് - 1966ല്‍ തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്നും ബി.എഫ്.എ ബിരുദം. ബറോഡ എം.എസ് സര്‍വ്വകലാശാലയില്‍നിന്നും എം.എഫ്.എ (പ്രിന്റ് മെയ്ക്കിംഗ്) ബിരുദം. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ഏകാംഗ-സംഘ ചിത്രപ്രദര്ശനങ്ങളില് പങ്കെടുത്തിട്ടുണ്ട്. ആംസ്റ്റര്‍ഡാമില്‍ രണ്ടുവര്‍ഷത്തെ റസിഡന്‍സി പ്രോഗ്രം പൂര്‍ത്തിയാക്കി. ബറോഡ എം.എസ് സര്‍വ്വകലാശാലയില്‍ നിന്നും സ്വര്‍ണ്ണമെഡലും ആംസ്റ്റര്‍ഡാമില്‍നിന്നും ഉറിയോട്ട് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. വഡോദരയിലും ലണ്ടനിലുമായി കലാപ്രവര്‍ത്തനം തുടരുന്നു. ഒരു പതിറ്റാണ്ടിനിടെ തനിയെ 5 തവണ ഇന്ത്യ ചുറ്റി പ്രകൃതി ദൃശ്യങ്ങള്‍ തത്സമയം കാന്‍വാസിലേക്ക് ചിത്രീകരിച്ചു.
'ധാര' കലാപ്രദര്‍ശനം
കേരള ലളിതകലാ അക്കാദമി വീടകത്തെ കല എന്ന പേരില്‍ സംഘടിപ്പിച്ച കലാസൃഷിടികളുടെ പ്രദര്‍ശനം അക്കാദമിയുടെ ഓരോ ജില്ലകളിലുള്ള വിവിധ ഗ്യാലറികളില്‍ സംഘടിപ്പിക്കുന്നു. സമകാലിക കേരളീയ ചിത്രകലയുടെ വിപുലമായ ഈ പ്രദര്‍ശനത്തില്‍ ചിത്രം/ശില്പം/ന്യൂമീഡിയ എന്നീ വിഭാഗങ്ങളിലായി ഇരുന്നൂറോളം കലാസൃഷ്ടികള്‍ ഉള്‍പ്പെടുന്നു. 2023 ജനുവരി 9 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഗ്യാലറികളിലും ആരംഭിക്കുന്ന പ്രദര്‍ശനം രണ്ടു ഘട്ടങ്ങളിലായി മാര്‍ച്ച് 11 വരെ നീണ്ടു നില്ക്കും.
ഏകാംഗ-ദ്വയാംഗ-സംഘകലാപ്രദര്ശന ഗ്രാന്റ്
ചിത്ര-ശില്പകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി അക്കാദമി പ്രദര്‍ശന ഗ്രാന്റ് നല്കിവരുന്നു. ഏകാംഗ/ദ്വയാഗ പ്രദര്‍ശനങ്ങള്‍ക്ക് 50,000/-രൂപയും, ഗ്രൂപ്പ് പ്രദര്‍ശനത്തിന് 1,00,000/-രൂപയുമാണ് അക്കാദമി ഗ്രാന്റ് നല്‍കുന്നത്.
2022 ലെ ഏകാംഗ പ്രദര്‍ശനത്തിന് 38 പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതില്‍ പെയിന്റിംഗ് വിഭാഗത്തില്‍ 25 പേരും, ശില്പ വിഭാഗത്തില്‍ 7 പേരും, ഫോട്ടോഗ്രാഫി വിഭാഗത്തില്‍ 5 പേരും, ന്യൂ മീഡിയ വിഭാഗത്തില്‍ ഒരാളും ഉള്‍പ്പെടുന്നു.
ദ്വയാംഗ പ്രദര്‍ശനത്തിന് ചിത്രം/ശില്പം വിഭാഗത്തില്‍ 2 ഗ്രൂപ്പുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഗ്രൂപ്പ് പ്രദര്‍ശനത്തിന് ചിത്രം/ശില്പം വിഭാഗത്തില്‍ 10 ഗ്രൂപ്പുകളെയും ഫോട്ടോഗ്രാഫി, ന്യൂ മീഡിയ വിഭാഗത്തില്‍ ഓരോ ഗ്രൂപ്പ് വീതവുമാണ് തെരഞ്ഞടുത്തിരിക്കുന്നത്.
ആര്‍ട്ട് സ്റ്റുഡന്‍സ് സ്കോളര്‍ഷിപ്പ്
എം.എഫ്.എ./എം.വി.എ.യ്ക്ക് 50,000/-രൂപ വീതം 14 വിദ്യാര്‍ത്ഥികള്‍ക്കും ബി.എഫ്.എ./ബി.വി.എ.യ്ക്ക്
25,000/-രൂപ വീതം 14 വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ബി.എഫ്.എ. വിഭാഗത്തില്‍ 16 പേരെയും, എം.എഫ്.എ വിഭാഗത്തില്‍ 14 പേരെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
കെ. കരുണാകരന് സ്മാരക സ്കോളര്‍ഷിപ്പ്
എം.എഫ്.എ./എം.വി.എ.യ്ക്ക് 6,000/-രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കും ബി.എഫ്.എ./ബി.വി.എ.യ്ക്ക്
5,000/-രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ബി.എഫ്.എ. വിഭാഗത്തില്‍ 5 പേരെയും, എം.എഫ്.എ വിഭാഗത്തില്‍ 1 ആളെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
1) Solo Painting Selection List
2) Solo Sculpture Selection List
3) Solo New Media Selection List
4) Solo photography Selection List
5) 2 person Painting -sculpture Selection List
6) Group Paintings - sculpture Selection List
7) Group New Media Selection List
8) Group Photography Selection List
9) Art Student Scholarship - BFA-BVA - Painting - Sculpture Selection List
10) Art Student Scholarship - MFA-MVA - Painting - Sculpture Selection List
11) K Karunakaran Scholarship - BFA-BVA - Painting - Sculpture Selection List
12) K Karunakaran Scholarship - MFA-MVA - Painting - Sculpture Selection List