കേരള ലളിതകലാ അക്കാദമി പുരസ്‌ക്കാരങ്ങള്‍ - 2014

കേരള ലളിതകലാ അക്കാദമി പുരസ്‌ക്കാരങ്ങള്‍ - 2014

മികച്ച കലാസൃഷ്ടികള്‍ക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ അറിയിക്കുകയാണ്‌. ഈ വര്‍ഷം കലാപ്രദര്‍ശനത്തില്‍ പങ്കെടുക്കുവാനും മത്സരത്തിനുമായി പെയ്‌ന്റിങ്‌, ശില്‌പം എന്നീ വിഭാഗങ്ങളില്‍ നിന്ന്‌ 320 അപേക്ഷകള്‍ ലഭിച്ചു. പ്രാഥമിക മൂല്യ നിര്‍ണ്ണയത്തില്‍ സംസ്ഥാന പ്രദര്‍ശനത്തിന്‌ 172 കലാകാരീകലാകാരന്മാരെ തിരഞ്ഞെടുത്തു. ഇവരില്‍ 166 കലാകാരീ കലാകാരന്മാരുടെ 192 കലാസൃഷ്ടികളാണ്‌ സംസ്ഥാന കലാപുരസ്‌ക്കാര പരിഗണനയ്‌ക്കായി ലഭിച്ചത്‌. ചിത്ര-ശില്‌പ വിഭാഗത്തില്‍ 25,000/- രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന അഞ്ച്‌ സംസ്ഥാന പുരസ്‌ക്കാരങ്ങളും (State Award), 10,000/- രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന അഞ്ച്‌ ഓണറബിള്‍ മെന്‍ഷന്‍ (Honourable Mention) പുരസ്‌ക്കാരങ്ങളും, കലാവിദ്യാര്‍ത്ഥികള്‍ക്ക്‌ 5,000/- രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന അഞ്ച്‌ സ്‌പെഷ്യല്‍ മെന്‍ഷന്‍ (Special Mention) പുരസ്‌ക്കാരങ്ങളുമാണ്‌ നല്‍കുന്നത്‌. പോര്‍ട്രേറ്റ്‌/ഭൂഭാഗചിത്ര വിഭാഗത്തില്‍ മികച്ച ചിത്രത്തിന്‌ ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ്‌ സ്വര്‍ണ്ണമെഡലും മികച്ച ഭൂഭാഗചിത്രത്തിന്‌ വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ്‌ സ്വര്‍ണ്ണമെഡലും നല്‍കുന്നു.

ചിത്ര-ശില്‌പ-വിഭാഗങ്ങളില്‍ മുഖ്യ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ക്ക്‌ താഴെ പറയുന്ന കലാകാരന്മാര്‍ അര്‍ഹരായിരിക്കുന്നു. 25,000/- രൂപയും ബഹുമതി പത്രവും അടങ്ങിയതാണ്‌ ഈ പുരസ്‌ക്കാരം.
പി.എസ്‌. ജയമോള്‍ (ചിത്രം) : ‘ദി ഗ്രേറ്റ്‌ ഫാമിലി സ്റ്റോറി'

രജീഷ്‌ സരോവര്‍ (ചിത്രം) : 'അബാന്‍ഡഡ്‌ കിംഗ്‌ സെലിബ്രേറ്റിംഗ്‌ ചൈല്‍ഡ്‌ഹുഡ്‌'
സജീഷ്‌ പി.എ. (ഡ്രോയിംഗ്‌) : 'ട്രാന്‍സിഷ്‌ണല്‍ സ്‌പെയ്‌സസ്‌'
സുധാകരന്‍ എന്‍.കെ. (ശില്‌പം) : 'ഒന്നും അറിയാതെ'
അവണാവ്‌ നാരായണന്‍ (ചിത്രം) : 'അപ്‌റൂട്ടഡ്‌ ട്രഡീഷന്‍സ്‌്'
ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരം (Honourable Mention) 10,000/- രൂപയും ബഹുമതിപത്രവും താഴെപ്പറയുന്ന അഞ്ച്‌ കലാകാരീകലാകാരന്മാര്‍ക്ക്‌ ലഭിച്ചു.
കെ.ആര്‍. ബാബു (ചിത്രം) : 'കസ്‌തൂരി രംഗന്‍'
ബിന്ദി രാജഗോപാല്‍ (ശില്‌പം) : 'ഐ വാണ്‍ഡ്‌ ടു ഫ്‌ളൈ ലൈക്ക്‌ എ ബേര്‍ഡ്‌'
സജിത്ത്‌ പുതുക്കലവട്ടം (ചിത്രം) : 'നാച്വര്‍ ഇന്‍ ക്യാരി ബാഗ്‌'
ശരത്‌ ചന്ദ്രന്‍ പി. (ചിത്രം) : 'ക്രാബ്‌സ്‌' (ഞണ്ടുകള്‍)
ശേഖര്‍ അയ്യന്തോള്‍ (ചിത്രം) : 'ലീഡര്‍ ഇന്‍ എടക്കല്‍ കേവ്‌സ്‌'

കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള 5,000/- രൂപയുടെ പ്രത്യേക പുരസ്‌ക്കാരവും (Special Mention) ബഹുമതി പത്രവും വിവിധ കലാലയങ്ങളില്‍ നിന്നുള്ള അഞ്ച്‌ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ലഭിച്ചത്‌.

സുമേഷ്‌ കെ.പി. (ചിത്രം) - 'ചെയര്‍ വിത്ത്‌ എ ബാഗ്‌'
(കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സ്‌, തിരുവനന്തപുരം)
പാര്‍വ്വതി എസ്‌. നായര്‍ (ചിത്രം) - ശീര്‍ഷകമില്ല
(കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സ്‌, തിരുവനന്തപുരം)
പ്രജിത്‌ ഇ. (ചിത്രം) - 'ദി കണ്‍ഫെഷന്‍'
(കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സ്‌, തൃശ്ശൂര്‍)
സിജിന വി.വി. (ഡ്രോയിംഗ്‌) - 'പൈനാപ്പിള്‍ ട്രീസ്‌'
(എസ്‌.എന്‍. സ്‌ക്കൂള്‍, യൂണിവേഴ്‌സിറ്റി ഓഫ്‌ ഹൈദരാബാദ്‌)
രജ്ഞിത്ത്‌ ശിവറാം (വുഡ്‌കട്ട്‌) - 'തൃപ്പൂണിത്തുറ വഴി എറണാകുളം'
(ആര്‍.എല്‍.വി. കോളേജ്‌ ഓഫ്‌ മ്യൂസിക്‌ ആന്റ്‌ ഫൈന്‍ ആര്‍ട്‌സ്‌, തൃപ്പൂണിത്തുറ)

മികച്ച ഭൂഭാഗ/ഛായാചിത്ര വിഭാഗത്തില്‍ വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ്‌ സ്വര്‍ണ്ണ മെഡല്‍ നേടിയിരിക്കുന്നത്‌ രഘു എ. രചിച്ച 'സുഗതകുമാരി ടീച്ചറിന്റെ ഓയില്‍ ഛായാചിത്ര'മാണ്‌. കൂടാതെ മികച്ച പ്രകൃതിദൃശ്യ ചിത്രത്തിനുള്ള വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ്‌ സ്വര്‍ണ്ണ മെഡല്‍ സദു അലിയൂരിന്റെ 'റൂഫ്‌സ്‌ III' എന്ന കലാസൃഷ്ടിക്കും ലഭിച്ചു.
ചിത്ര-ശില്‌പ വിഭാഗത്തിന്റെ വിധി കര്‍ത്താക്കള്‍ പ്രശസ്‌ത കലാകാരന്മാരായ ആര്‍.ബി. ഭാസ്‌കരന്‍ (ചെന്നൈ), ഡി.എല്‍.എന്‍. റെഡ്ഡി (ഹൈദരാബാദ്‌), കലാകാരിയായ ശാന്തി സ്വരൂപിണി (ഹൈദരാബാദ്‌) എന്നിവരായിരുന്നു. കലാകാരന്മാരുടെ പേരും പ്രശസ്‌തിയും ജീവചരിത്രവും പരിഗണിക്കാതെ അവരുടെ കലാസൃഷ്‌ടികള്‍ മാത്രം പരിഗണിച്ചാണ്‌ പുരസ്‌ക്കാരങ്ങള്‍ നിര്‍ണ്ണയിച്ചത്‌.
ദര്‍ബാര്‍ ഹാളില്‍ വെച്ച്‌ 2014 മാര്‍ച്ച്‌ മാസത്തില്‍ പുരസ്‌കാരസമര്‍പ്പണവും സംസ്ഥാന കലാപ്രദര്‍ശനത്തിന്റെ ഉദ്‌ഘാടനവും നടക്കും.

മുഖ്യ പുരസ്‌ക്കാരങ്ങള്‍ നേടിയ കലാകാരന്മാര്‍
പി.എസ്‌. ജയമോള്‍

എറണാകുളം സ്വദേശിനിയായ ജയമോള്‍ തന്റെ ബിരുദ-ബിരുദാനന്തര കലാപഠനം പൂര്‍ത്തിയാക്കിയത്‌ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ്‌ ഓഫ്‌ മ്യൂസിക്‌ & ഫൈന്‍ ആര്‍ട്‌സില്‍ നിന്നാണ്‌. 2011ലെ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പ്രദര്‍ശനത്തില്‍ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009ല്‍ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ വെച്ച്‌ നടത്തിയ ശ്രദ്ധേയ ഗ്രൂപ്പ്‌ കലാപ്രദര്‍ശനത്തിലും 2013ല്‍ ബാംഗ്ലൂരിലുള്ള ഡിവൈയു ആര്‍ട്ട്‌ ഗ്യാലറിയിലും ജയമോളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.
രജീഷ്‌ സരോവര്‍
1985ല്‍ കണ്ണൂരിലാണ്‌ രജീഷിന്റെ ജനനം. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ്‌ കോളേജില്‍ നിന്നും പെയിന്റിങില്‍ ബിരുദ പഠനത്തിനുശേഷം 2013ലെ കൊച്ചി മുസിരിസ്‌ ബിനാലെയുടെ കൊളാറ്റര്‍ എക്‌സിബിഷനായ കോണ്‍ഡസ്റ്റഡ്‌ ടെറേയ്‌ന്‍, കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്രപ്രദര്‍ശനം 2013, തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ്‌ കോളേജ്‌ ഓഫ്‌ ഡിഗ്രി ഷോ ആയ �വാട്ടര്‍ മാര്‍ക്ക്‌ 2013�, ചെന്നൈ വേദ ആര്‍ട്ട്‌ ഗ്യാലറിയില്‍ നടന്ന 'ഹാംഗിംഗ്‌ ടെറേസസ്‌ 2013' എന്നീ ചിത്രപ്രദ്രര്‍ശനങ്ങളില്‍ പങ്കെടുത്തു. ഇപ്പോള്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ ചിത്രരചന നടത്തുന്നു.
സജീഷ്‌ പി.എ.
എറണാകുളത്തെ കുമാരപുരം സ്വദേശിയായ സജീഷ്‌ കലാപഠനം പൂര്‍ത്തിയാക്കിയത്‌ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. മ്യൂസിക്‌ & ഫൈന്‍ ആര്‍ട്‌സില്‍ നിന്നാണ്‌. 2008 മുതല്‍ 2013 വരെ കേരള ലളിതകലാ അക്കാദമിയുടെ നിരവധി സംസ്ഥാന-ദേശീയ ചിത്രകലാക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ള സജീഷ്‌ 2008ലും 2013ലും കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ വെച്ച്‌ നടന്ന ഏകാംഗ പ്രദര്‍ശനത്തിലും, 2004 മുതല്‍ 2014 വരെ നിരവധി ഗ്രൂപ്പ്‌ എക്‌സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്‌. 2008ലെ കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പുരസ്‌കാരം ലഭിച്ചിട്ടുള്ള അദ്ദേഹം തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ പെയിന്റിങ്‌ വിഭാഗത്തില്‍ ജൂനിയര്‍ ലക്‌ചററായി സേവനമനുഷ്‌ഠിക്കുന്നു.
സുധാകരന്‍ എന്‍.കെ.
തൃശ്ശൂര്‍ ജില്ലയിലെ നെല്ലുവായ്‌ എന്ന പ്രദേശത്താണ്‌ എന്‍.കെ. സുധാകരന്‍ ജനിച്ചത്‌. അദ്ദേഹത്തിന്റെ �ഒന്നും അറിയാതെ� എന്ന്‌ ശീര്‍ഷകം നല്‍കിയ മരത്തില്‍ ചെയ്‌ത ശില്‌പത്തിനാണ്‌ മുഖ്യപുരസ്‌ക്കാരങ്ങളിലൊന്ന്‌ ലഭിച്ചത്‌.
അവണാവ്‌ നാരായണന്‍
1960ല്‍ തൃശ്ശൂരിലാണ്‌ അവണാവ്‌ നാരായണന്‍ ജനിച്ചത്‌. 1986 മുതല്‍ നിരവധി വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പ്രദര്‍ശനത്തില്‍ അവണാവ്‌ നാരായണന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. തൃശ്ശൂരിലും, കൊച്ചിയിലെ നിരവധി ഗ്യാലറികളിലും, ബാംഗ്ലൂരിലും നിരവധി ഗ്രൂപ്പ്‌ എക്‌സിബിഷനുകളില്‍ പങ്കെടുത്തിട്ടുള്ള അവണാവ്‌ നാരായണന്‍ 2009ലും, 2011ലും ഏകാംഗപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്‌. 1990 മുതല്‍ പാലക്കാട്‌, ആലപ്പുഴ, തൃശ്ശൂര്‍, വയനാട്‌, മൂന്നാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വെച്ച്‌ സംഘടിപ്പിക്കപ്പെട്ട കലാക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്‌. 2011ലെ കേരള ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ തൃശ്ശൂരിലെ പേരാമംഗലത്താണ്‌ വസിക്കുന്നത്‌.

ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരം
കെ.ആര്‍. ബാബു

കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടിയിലാണ്‌ കെ.ആര്‍. ബാബുവിന്റെ ജനനം. ചുമര്‍ ചിത്രകലയില്‍ അഞ്ച്‌ വര്‍ഷത്തെ നാഷണല്‍ ഡിപ്ലോമ, ചിത്രകലയില്‍ ബി.എഫ്‌.എ., എം.എഫ്‌.എ., എന്നിവ ലഭിച്ചിട്ടുള്ള ബാബുവിന്‌ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. കേന്ദ്രഗവണ്‍മെന്റിന്റെ സീനിയര്‍, ജൂനിയര്‍ ഫെല്ലോഷിപ്പുകള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം നിരവധി ഗ്രൂപ്പ്‌, സോളോ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌.
ബിന്ദി രാജഗോപാല്‍
1996ല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സില്‍ നിന്നും കലാപഠനം പൂര്‍ത്തിയാക്കിയ ബിന്ദി രാജഗോപാല്‍ കൊച്ചിയില്‍ സ്വന്തമായി ഒരു ആര്‍ട്ട്‌ ഗ്യാലറി നടത്തുന്നു. കൊച്ചിയിലെ ഏഷ്യന്‍ സ്‌ക്കൂള്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ & ഡിസൈനില്‍ അദ്ധ്യാപികയായ ബിന്ദി നിരവധി കലാ പ്രദര്‍ശനങ്ങളിലും കേരള ലളിതകലാ അക്കാദമിയുടേതടക്കം നിരവധി കലാ ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്‌
സജിത്‌ പുതുക്കലവട്ടം
കൊച്ചിയിലെ എളമക്കരയില്‍ താമസിക്കുന്ന സജിത്‌ പുതുക്കലവട്ടം തന്റെ കലാബിരുദ പഠനത്തിനുശേഷം 2002 മുതല്‍ നിരവധി ഗ്രൂപ്പ്‌-ഏകാംഗ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്‌. കേരള ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍, സ്‌പെഷ്യന്‍ മെന്‍ഷന്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം കേരള ലളിതകലാ അക്കാദമിയടക്കം നിരവധി സ്ഥാപനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള കലാ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്‌.
ശരത്‌ ചന്ദ്രന്‍ പി.
കോഴിക്കോട്‌ എരഞ്ഞിപ്പാലത്ത്‌ താമസിക്കുന്ന ശരത്‌ചന്ദ്രന്‍ തലശ്ശേരി സ്‌ക്കൂള്‍ ഓഫ്‌ ആര്‍ട്‌സിലെ ആദ്യകാല പഠിതാക്കളില്‍ ഒരാളാണ്‌. ജലച്ചായ ചിത്രരചനയില്‍ നിപുണനായ അദ്ദേഹത്തിന്റെ ക്രാബ്‌സ്‌ എന്ന്‌ ചിത്രത്തിനാണ്‌ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്‌. സമീപകാലത്ത്‌ കേരള ലളിതകലാ അക്കാദമിയുടെ ഏകാംഗപ്രദര്‍ശന പദ്ധതിപ്രകാരം തൃശ്ശൂരില്‍ പ്രദര്‍ശനം നടത്തിയിരുന്നു.
ശേഖര്‍ അയ്യന്തോള്‍
മലപ്പുറം ജില്ലയിലെ മുതൂരിലാണ്‌ ശേഖര്‍ അയ്യന്തോള്‍ താമസിക്കുന്നത്‌. അദ്ദേഹത്തിന്റെ �ലീഡര്‍ ഇന്‍ എടക്കല്‍ കേവ്‌സ്‌� എന്ന ക്യാന്‍വാസ്‌ ചിത്രത്തിനാണ്‌ ഓണറബില്‍ മെന്‍ഷന്‍ ലഭിച്ചത്‌. കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച നിരവധി സംസ്ഥാന-ദേശീയ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം സംസ്ഥാനത്തും പുറത്തും നിരവധി പ്രദര്‍ശനങ്ങളിലും പങ്കടുത്തിട്ടുണ്ട്‌.

വിജയരാഘവന്‍ എന്റോവ്‌മെന്റ്‌ സ്വര്‍ണ്ണ മെഡല്‍
സദു അലിയൂര്‍

തലശ്ശേരി സ്‌ക്കൂള്‍ ഓഫ്‌ ആര്‍ട്‌സില്‍ നിന്നും കലാപഠനം പൂര്‍ത്തിയാക്കിയ സദു അലിയൂര്‍ ജലച്ചായ ചിത്രരചനയില്‍ ഇന്ന്‌ കേരളത്തില്‍ അറിയപ്പെടുന്ന ചിത്രകാരനാണ്‌. ലാന്റ്‌ സ്‌കേപ്‌ വിഭാഗത്തിന്‌ നല്‍കുന്ന വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ്‌ സ്വര്‍ണ്ണ മെഡലാണ്‌ അദ്ദേഹത്തിന്റെ 'റൂഫ്‌സ്‌ III' എന്ന ചിത്രത്തിന്‌ ലഭിച്ചത്‌.
വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ്‌ സ്വര്‍ണ്ണ മെഡല്‍
രഘു എ.

മാവേലിക്കര രവിവര്‍മ്മ ഫൈന്‍ ആര്‍ട്‌സ്‌ കോളേജില്‍ നിന്നും 1990ല്‍ പോസ്റ്റ്‌ ഡിപ്ലോമ ലഭിച്ചിട്ടുണ്ട്‌. ജില്ലയുടെ പല ഭാഗങ്ങളിലും ചിത്ര-ശില്‌പ പ്രദര്‍ശനം നടത്തിയിട്ടുള്ള അദ്ദേഹം നിരവധി മഹത്‌ വ്യക്തികളുടെ പോട്രേറ്റ്‌ ശില്‌പങ്ങളും ചെയ്‌തിട്ടുണ്ട്‌.