കേരള ലളിതകലാ അക്കാദമിയില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

കേരള ലളിതകലാ അക്കാദമിയില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ചിത്ര-ശില്‌പകലാപ്രവര്‍ത്തനം കൂടുതല്‍ ഗ്രാമാന്തരങ്ങളിലേക്ക്‌ വ്യാപിപ്പിച്ചുകൊണ്ട്‌ സംസ്ഥാനത്ത്‌ ദൃശ്യസാക്ഷരത ലക്ഷ്യമിടുന്നതായി കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി സ്ഥാനമേറ്റ സത്യപാല്‍ സൂചിപ്പിച്ചു. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനത്ത്‌ ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രകലയുടെ ഗുരുവെന്നു വിശേഷിപ്പിക്കാവുന്ന നമ്പൂതിരി, സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്‌ണന്‍ നായര്‍, പ്രശസ്‌ത എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്‌ണന്‍, മുന്‍ സെക്രട്ടറി വൈക്കം എം.കെ.ഷിബു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സത്യപാല്‍ ചെയര്‍മാനായും, പൊന്ന്യം ചന്ദ്രന്‍ സെക്രട്ടറിയായും ചാര്‍ജ്ജെടുത്തു. ഒട്ടേറെ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങിനോടനുബന്ധിച്ച്‌ പാരമ്പര്യ കലാരൂപമായ കളമെഴുത്തും നടത്തുകയുണ്ടായി.