കാനനസൗന്ദര്യം പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമ്പ്‌

കാനനസൗന്ദര്യം പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമ്പ്‌

രണ്ടു രാത്രിയും മൂന്ന്‌ പകലും കാട്ടിലെ ജീവിതം ക്യാമറയില്‍ പകര്‍ത്താന്‍ 15 ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ കേരള ലളിതകലാ അക്കാദമി അവസരമൊരുക്കുന്നു. ഈ ക്യാമ്പിന്റെ ഉദ്‌ഘാടനം നവംബര്‍ 21ന്‌ രാവിലെ 10.30ന്‌ വനംവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മൂന്നാറില്‍ നിര്‍വഹിക്കും. 23ന്‌ ഉച്ചയോടെ ക്യാമ്പ്‌ സമാപിക്കും.
ഫുള്‍ഫ്രെയിം ക്യാമറയും 200 എം എം ലെന്‍സോ അതിലേറെ പ്രയോജനപ്രദമായ ലെന്‍സോ ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷകള്‍ secretary@lalithkala.org എന്ന വിലാസത്തില്‍ നവംബര്‍ 10നു മുന്‍പു ലഭിക്കണം. ജീവചരിത്രക്കുറിപ്പ്‌, കൈവശമുള്ള ക്യാമറയുടെയും ലെന്‍സിന്റെയും വിശദവിവരങ്ങള്‍, വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫിയിലുള്ള മുന്‍പരിചയം തെളിയിക്കുന്ന രണ്ടു ഫോട്ടോഗ്രാഫുകളുടെ സ്‌കാന്‍ ചെയ്‌ത കോപ്പി, കാട്ടില്‍ പോയി ഫോട്ടോയെടുത്തുള്ള പരിചയം എന്നിവ അപേക്ഷയോടൊപ്പം ചേര്‍ക്കണം. ഒരു വിദഗ്‌ധസമിതിയാകും ഫോട്ടോഗ്രാഫര്‍മാരെ തിരഞ്ഞെടുക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോഗ്രാഫര്‍മാരുടെ കാട്ടിലെ ആതിഥേയര്‍ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരായിരിക്കും. സംരക്ഷണവും അവര്‍ തന്നെ നല്‍കും. ഈ ദിവസങ്ങളിലെടുക്കുന്ന എല്ലാ ചിത്രങ്ങളും അക്കാദമിക്കും വനം വകുപ്പിനും കൈമാറണം. അക്കാദമി 10,000 രൂപ വീതം പ്രതിഫലം നല്‍കും. തിരഞ്ഞെടുത്ത ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനം വനംവകുപ്പിന്റെ സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. പങ്കെടുക്കുന്നവര്‍ക്കെല്ലാം അക്കാദമി സര്‍ട്ടിഫിക്കറ്റ്‌ നല്‍കും.
വനം വകുപ്പു മൂന്നാറില്‍ പ്രദര്‍ശനശാല ഒരുക്കിത്തന്നാല്‍ കേരളത്തിന്റെ ആദ്യത്തെ ഫോട്ടോ ആര്‍ട്ട്‌ ഗ്യാലറി അക്കാദമി മൂന്നാറില്‍ സ്ഥാപിക്കും. പ്രശസ്‌തരായ വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫര്‍മാരുടെ
ജീവനുള്ള ചിത്രങ്ങളാകും ഈ പ്രദര്‍ശനശാലയിലുണ്ടാകുക. മൂന്നാറിലെ കാടിന്റെ സൗന്ദര്യത്തിനായിരിക്കും ഇവിടെ പ്രാധാന്യം നല്‍കുക. അക്കാദമി നിര്‍വ്വാഹകസമിതി അംഗങ്ങളായ ചിത്ര കൃഷ്‌ണന്‍കുട്ടി, ബി. ബാബുരാജ്‌ എന്നിവരാണ്‌ ക്യാമ്പ്‌ കണ്‍വീനര്‍മാര്‍.