കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്‍പ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്‍പ

പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

സജിത് പുതുക്കലവട്ടം, സിന്ധു ദിവാകരന്‍, ജഗേഷ് എടക്കാട്, സൂരജ കെ.എസ്, സജിന്‍ എസ്.എസ് എന്നിവരാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍

കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന ചിത്ര-ശില്‍പ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ ടി.എ. സത്യപാലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്‌കാരത്തിനായി ചിത്രകല, ശില്‍പകല എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം 243 എന്‍ട്രികളാണ് ജൂറിയുടെ പരിഗണനയ്ക്കായി വന്നത്. ആന്ധ്രയില്‍ നിന്നുള്ള രാമകൃഷ്ണ വേതാള, മധ്യപ്രദേശ് സ്വദേശി യൂസഫ്, ചെന്നൈയില്‍ നിന്നുള്ള അസ്മ മേനോന്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.

ചിത്രകലയില്‍ സജിത് പുതുക്കലവട്ടം, സിന്ധു ദിവാകരന്‍, ജഗേഷ് എടക്കാട്, സൂരജ കെ.എസ്, ശില്‍പകലയില്‍ സജിന്‍ എസ്.എസ് എന്നിവരാണ് സംസ്ഥാന അവാര്‍ഡിന് അര്‍ഹരായത്. സജിത് പുതുക്കലവട്ടത്തിനെ ‘'വിങ്‌സ് ഓഫ് സ്പ്രൗട്ടിങ് എര്‍ത്ത്‌വേംസ്'’ എന്ന ചിത്രവും ജഗേഷ് എടക്കാടിനെ ‘'ഗ്ലാന്‍സ് ഫ്രം പാസ്റ്റ് -7'’ എന്ന രചനയുമാണ് അവാര്‍ഡിനര്‍ഹരാക്കിയത്. മറ്റുള്ളവരുടേത് ശീര്‍ഷകമില്ലാത്ത രചനകളാണ്. 50,000/- രൂപയും പ്രശസ്തിപത്രവും നമ്പൂതിരി രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് സംസ്ഥാന അവാര്‍ഡ്.

കൊച്ചി എളമക്കര സ്വദേശിയായ സജിത് പുതുക്കലവട്ടം തൃപ്പൂണിത്തുറ ഗവ. ആര്‍എല്‍വി കോളേജില്‍ നിന്നും പെയ്ന്റിങ്ങില്‍ നാഷണല്‍ ഡിപ്ലോമധാരിയാണ്. നിരവധി എക്‌സിബിഷനുകളില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം 2006, 2014 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍, 2003-ല്‍ സ്‌പെഷ്യല്‍ മെന്‍ഷന്‍, 2008-ല്‍ വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് ഗോള്‍ഡ് മെഡല്‍ തുടങ്ങിയ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.   

അങ്കമാലി സ്വദേശിയായ സിന്ധു ദിവാകരന്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും ബിഎഫ്എ ബിരുദം നേടിയിട്ടുണ്ട്. ദല്‍ഹി, കൊല്‍ക്കത്ത, ‘ഭുവനേശ്വര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഗ്രൂപ്പ് ഷോകളില്‍ പങ്കെടുത്തിട്ടുള്ള അവര്‍ അങ്കമാലിയില്‍ ‘ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കലാധ്യാപനം നടത്തുന്നു.

കണ്ണൂര്‍ ജില്ലയിലെ എടക്കാട് സ്വദേശിയായ ജഗേഷ് 2012-ലെ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ്, 2014-ല്‍ കൊല്ലം സിദ്ധാര്‍ഥ ഫൗണ്ടേഷന്റെ ഓണറബിള്‍ മെന്‍ഷന്‍ എന്നീ അംഗീകാരങ്ങള്‍ നേടി. ഇതുകൂടാതെ 2004, 2010 വര്‍ഷങ്ങളില്‍ ലളിതകലാ അക്കാദമിയുടെ സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിനും അര്‍ഹനായിട്ടുണ്ട്.

ചോറ്റാനിക്കര സ്വദേശിയായ സൂരജ കെ.എസ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും പെയിന്റിങ്ങില്‍ എംഎഫ്എ നേടിയിട്ടുണ്ട്. തിരുവനന്തപുരം നല്ലൂര്‍വട്ടം സ്വദേശിയാണ് ശില്‍പനിര്‍മാണ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹനായ  സജിന്‍ എസ്.എസ്.

കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിനോദ് അക്കരപ്പറമ്പില്‍, ധന്യ എം.സി, കോഴിക്കോട് അത്തോളി സ്വദേശി സ്മിത ജി.എസ്, ഗുരുവായൂര്‍ സ്വദേശി ഗായത്രി എന്നിവര്‍ ചിത്രകലയിലും ശില്‍പകലയില്‍ ശ്രീകുമാര്‍ കെ. ഉണ്ണികൃഷ്ണനും അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ ബഹുമതിക്ക് അര്‍ഹരായി. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബഹുമതി.

'റെലം ഓഫ് ഇന്‍ഫിനിറ്റ് സ്‌പേസ്' എന്ന രചന ഷിനോദിനെയും ‘'ഓര്‍ഗാനിക് സസ്റ്റനന്‍സ്'’ എന്ന രചന ധന്യയെയും ‘'നീല'’ എന്ന ചിത്രം സ്മിതയെയും ‘'ദി മാജിക്കല്‍ വേള്‍ഡ് ഓഫ് അടൂര്‍'’ എന്ന ചിത്രം ഗായത്രിയെയും ‘'ബലൂണ്‍സ്'’ എന്ന ശില്‍പം ശ്രീകുമാര്‍ ഉണ്ണികൃഷ്ണനെയും ബഹുമതിക്ക് അര്‍ഹരാക്കി.

കലാവിദ്യാര്‍ഥികള്‍ക്കുള്ള അക്കാദമിയുടെ പ്രത്യേക പരാമര്‍ശത്തിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അരുണ്‍ രവി, തൃശൂര്‍ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ വിവേക് ദാസ് എം.എം, തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സിലെ റിങ്കു അഗസ്റ്റിന്‍ പി.എ എന്നിവരുടെ ചിത്രങ്ങളും മാവേലിക്കര രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ ഹെല്‍ന മെറിന്‍ ജോസഫ്, തൃശൂര്‍ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ ഷാന്‍ കെ.ആര്‍ എന്നിവരുടെ ശില്‍പങ്ങളും ബഹുമതിക്ക് അര്‍ഹമായി. 20,000 രൂപയാണ് പുരസ്‌കാരത്തുക.

മികച്ച ഛായാചിത്രത്തിനുള്ള ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണമെഡലിന് അരവിന്ദ് കെ.എസും മികച്ച പ്രകൃതിദൃശ്യ ചിത്രത്തിനുള്ള വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണമെഡലിന് പ്രദീപ് പ്രതാപും അര്‍ഹരായി. ‘'ഐ കാന്‍ ഫീല്‍ ദ നേച്ചര്‍'’ എന്ന ചിത്രമാണ് അരവിന്ദിനെ ബഹുമതിക്ക് അര്‍ഹനാക്കിയത്. പ്രദീപ് പ്രതാപിനെ അവാര്‍ഡിനര്‍ഹനാക്കിയ ചിത്രത്തിന് ശീര്‍ഷകമില്ല. ഓഗസ്റ്റ് 19-ന് വൈകീട്ട് 4-ന് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും ജൂറിയംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.